കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ കുത്തനെ വില വർധനയെ തുടർന്ന് സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്. ഈ മാസം ആറാം തീയതി സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
കഴിഞ്ഞ നാല് മാസത്തിനിടെ സിലിണ്ടറിന്റെ വില ഇരട്ടിയായി ഉയർന്നതായും ഇത് ഹോട്ടൽ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എണ്ണ കമ്പനികൾ ലാഭത്തിലായിരിക്കെ തുടർച്ചയായി വില വർധിപ്പിക്കുന്നത് അന്യായമാണെന്നും തിരഞ്ഞെടുപ്പുകൾക്ക് ശേഷം അപ്രതീക്ഷിതമായി വില കൂട്ടിയതായും അവർ ആരോപിച്ചു.
വില വർധനക്കെതിരെ എറണാകുളത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലേക്ക് മാർച്ച് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഭക്ഷണവില വർധിപ്പിക്കാൻ ഹോട്ടൽ ഉടമകൾ നിർബന്ധിതരാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, 19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപയും അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയുമാണ് പുതിയതായി കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് 19 കിലോ സിലിണ്ടറിന്റെ വില 3000 രൂപ കടന്നു. ഒറ്റത്തവണ ഇത്രയും വലിയ വർധന അപൂർവമാണെന്നും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയതായും വിലയിരുത്തപ്പെടുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ എണ്ണ കമ്പനികൾ വില വർധിപ്പിച്ചതാണെന്നാണ് വിവരം. ഈ വർഷം ആറാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില ഉയരുന്നത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
