തിരുവനന്തപുരം: ശബരിമലയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്. ശബരിമലയിൽ നിന്ന് നിയമവിരുദ്ധമായി മാറ്റിയ സ്വർണം തമിഴ്‌നാട്ടിലെയും കർണാടകയിലെയും മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചെന്ന് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകി. ഇതോടെ അന്വേഷണം അയൽ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
പങ്കജ് ഭണ്ഡാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് ക്രിയേഷൻസ് സ്വർണം പൂശിയ വിവിധ ക്ഷേത്രങ്ങളിൽ എസ്.ഐ.ടി പരിശോധന ആരംഭിച്ചു. പഴയ സ്വർണം വേർതിരിച്ചെടുക്കുന്ന പ്രക്രിയ അശാസ്ത്രീയമായാണ് നടന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണം ഉരുക്കി വേർതിരിക്കാൻ ഉപയോഗിച്ച ലായനിയുടെ കൃത്യമായ ഘടകങ്ങൾ തിരിച്ചറിയുന്നതിനായി ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
സ്വർണം കടത്തിയ രീതിയും അത് എവിടെയെല്ലാം ഉപയോഗിച്ചുവെന്നതും സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവരുന്നതോടെ സ്വർണം മോഷ്ടിച്ചതിലും അത് വകമാറ്റി ഉപയോഗിച്ചതിലും ഉൾപ്പെട്ട കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം എത്തുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഇതര സംസ്ഥാനങ്ങളിലെ ക്ഷേത്ര ഭാരവാഹികളെയും കമ്പനി ജീവനക്കാരെയും ചോദ്യം ചെയ്യും.
