Home Nationalപൊതുസ്ഥലത്ത് നിസ്‌കാരം അവകാശമല്ല; മതസ്വാതന്ത്ര്യം പൊതുക്രമത്തിന് വിധേയമെന്ന് അലഹബാദ് ഹൈക്കോടതി

പൊതുസ്ഥലത്ത് നിസ്‌കാരം അവകാശമല്ല; മതസ്വാതന്ത്ര്യം പൊതുക്രമത്തിന് വിധേയമെന്ന് അലഹബാദ് ഹൈക്കോടതി

by news_desk1
0 comments

പ്രയാഗ്‌രാജ്: പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്തുന്നതും വലിയ മതപരമായ ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നതും അടിസ്ഥാന അവകാശമായി ഉന്നയിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ ഒരു സ്ഥലത്ത് നിസ്‌കാരത്തിനായി അനുമതി തേടിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി നിർണായക നിരീക്ഷണം നടത്തിയത്.

ആസീൻ എന്ന വ്യക്തിയാണ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിസ്‌കാരം നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ചത്. എന്നാൽ, റവന്യൂ രേഖകൾ പ്രകാരം ഇത് പൊതുപ്രയോജനത്തിനുള്ള ഭൂമിയാണെന്നും, പ്രത്യേക അവസരങ്ങളിൽ മാത്രമാണ് ഇവിടെ നിസ്‌കാരം നടത്താറുള്ളതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

ജസ്റ്റിസുമാരായ ഗരിമ പ്രസാദ്,, സരൾ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച്, ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യം പൊതുക്രമം, ധാർമ്മികത, ആരോഗ്യപരമായ പരിധികൾ എന്നിവയ്ക്ക് വിധേയമാണെന്ന് വ്യക്തമാക്കി. പൊതുസ്ഥലങ്ങൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതാണെന്നും, അവിടെ സ്ഥിരമായി മതചടങ്ങുകൾ നടത്തുന്നത് മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യക്തിഗതമായി വീടുകളിലോ സ്വകാര്യ സ്ഥലങ്ങളിലോ നടത്തുന്ന പ്രാർത്ഥനകൾക്ക് സംരക്ഷണമുണ്ടെങ്കിലും, വലിയ ഒത്തുചേരലുകൾ പൊതുസമാധാനത്തെ ബാധിക്കുമ്പോൾ അത് നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും അധികാരികൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാരന് ഭൂമിയുടെ വ്യക്തമായ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലോടെയാണ് ഹർജി കോടതി തള്ളിയത്.

You may also like