Home Top Storiesഇന്ധനവില വർധനയ്ക്ക് സമ്മർദം ശക്തം; പെട്രോളിനും ഡീസലിനും 5 രൂപ വരെ കൂടിയേക്കും

ഇന്ധനവില വർധനയ്ക്ക് സമ്മർദം ശക്തം; പെട്രോളിനും ഡീസലിനും 5 രൂപ വരെ കൂടിയേക്കും

by news_desk
0 comments

ന്യൂഡൽഹി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടെ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ സമ്മർദം ശക്തമാക്കുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെയും, ഗാർഹിക പാചകവാതകത്തിന് (എൽപിജി) സിലിണ്ടറിന് 50 രൂപ വരെയും വർധിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ തന്നെ വിലവർധനവ് പ്രാബല്യത്തിൽ വന്നേക്കും.

നിലവിൽ ഇന്ധനവില കൂട്ടില്ലെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ എണ്ണ ഉൽപ്പാദനത്തെയും വിതരണത്തെയും ബാധിച്ചാൽ വിലവർധന അനിവാര്യമാകുമെന്നാണ് ഏപ്രിലിലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ആഗോളതലത്തിൽ വില ഉയർന്നിട്ടും ഇന്ത്യയിൽ നിരക്ക് നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞതായി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി അവകാശപ്പെടുമ്പോഴും, വിപണിയിലെ സമ്മർദം കമ്പനികൾക്ക് താങ്ങാനാവുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ ജനങ്ങൾക്ക് മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇന്ധനവില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. ഇതിനിടെ, ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ധനവിലയുടെ കാര്യത്തിൽ കേന്ദ്രം എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

You may also like