ലഖ്‌നൗ: ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ലഖ്‌നൗവിലെ വസതിയിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു) പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.
രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതും രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനവുമാണ് അജയ് റായ് കുഴഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പകൽ പാർട്ടി ആസ്ഥാനത്ത് നടന്ന ഡോക്ടർമാരുടെയും അധ്യാപകരുടെയും സമ്മേളനത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. പരിപാടിക്കിടെ നേരിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും അത് അവഗണിച്ച് അദ്ദേഹം ചടങ്ങുകൾ പൂർത്തിയാക്കി. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് തളർന്നു വീണത്.
സിടി സ്കാൻ, എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയായിട്ടുണ്ട്. പരിശോധനാ ഫലങ്ങളിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ ഇന്ന് തന്നെ അദ്ദേഹം ആശുപത്രി വിട്ടേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ച് ആശുപത്രിയിൽ എത്തുന്നുണ്ട്.
