വാഷിംഗ്ടൺ: ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർ മുന്നോട്ടുവെച്ച നിബന്ധനകളിൽ താൻ അതൃപ്തനാണെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും സമാധാന കരാറോ അല്ലെങ്കിൽ തുടർ സൈനിക നടപടിയോ ആണ് ഇറാന് മുന്നിലുള്ള വഴികളെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
മാനുഷിക പരിഗണന വെച്ച് താൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ തുടർ സൈനിക നീക്കങ്ങൾക്കുള്ള നിർദ്ദേശങ്ങൾ സെൻട്രൽ കമാൻഡിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അതിനിടെ, ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് കത്തയച്ചു. യുദ്ധം തുടരാൻ പാർലമെന്റിന്റെ അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ കത്തിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. 1973-ലെ യുദ്ധാധികാര പ്രമേയ പ്രകാരം കോൺഗ്രസ് അനുമതിയില്ലാതെ പ്രസിഡന്റിന് 60 ദിവസത്തിൽ കൂടുതൽ സൈനിക സംഘർഷത്തിൽ ഏർപ്പെടാനാവില്ല. ഈ നിയമസാങ്കേതികത മറികടക്കാനാണ് നിലവിൽ വെടിനിർത്തലാണെന്നും യുദ്ധമില്ലെന്നും ട്രംപ് വാദിക്കുന്നത്.
അതേസമയം, അമേരിക്കയുടെ പ്രകോപനപരമായ പ്രസ്താവനകളും കടുത്ത നിലപാടുകളുമാണ് സമാധാന നീക്കങ്ങൾക്ക് തടസ്സമാകുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. ഏത് ഭീഷണിയും നേരിടാൻ തങ്ങളുടെ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കിയാൽ മാത്രമേ തുടർ ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്നതാണ് ഇറാന്റെ നിലപാട്. ഇതിനിടെ, ഇറാന് നേരെയുള്ള സൈനിക നീക്കം തെറ്റായ തീരുമാനമായിരുന്നുവെന്ന് 61 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ട സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഇതോടെ ആഭ്യന്തരവും അന്തർദ്ദേശീയവുമായ സമ്മർദ്ദങ്ങൾക്കിടയിലാണ് പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിൽക്കുന്നത്.
