വാഷിംഗ്ടൺ: ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ കരുത്തുറ്റ യുദ്ധക്കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം നടുക്കടലിൽ നിശ്ചലമായി. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ‘യുഎസ്എസ് ഹിഗ്ഗിൻസി’നാണ് അപ്രതീക്ഷിതമായി തകരാർ സംഭവിച്ചത്. വൈദ്യുത സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് കപ്പലിന്റെ എൻജിനും റഡാറുകളും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായും പ്രവർത്തനരഹിതമാകുകയായിരുന്നു.
വൈദ്യുത ബന്ധത്തിലുണ്ടായ തകരാർ മൂലം കപ്പലിനുള്ളിൽ പുകയും തീപ്പൊരിയും കണ്ടതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കുകയായിരുന്നുവെന്ന് യുഎസ് ഏഴാം കപ്പൽപ്പടയുടെ വക്താവ് കമാൻഡർ മാത്യു കോമർ അറിയിച്ചു. ഇതോടെ ഏകദേശം മുന്നൂറോളം വരുന്ന നാവികർ മണിക്കൂറുകളോളം നടുക്കടലിൽ സുരക്ഷാ ഭീഷണിയിലായി. റഡാറുകളും പ്രതിരോധ സംവിധാനങ്ങളും നിലച്ചതോടെ ശത്രുക്കളുടെ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ പോലും കഴിയാത്ത അതീവ ഗുരുതരമായ സാഹചര്യത്തിലായിരുന്നു കപ്പലെന്ന് നാവികസേനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എൻജിനീയർമാർ തകരാർ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പൽ നിലവിൽ സുരക്ഷിതമാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 1999-ൽ കമ്മീഷൻ ചെയ്ത ഈ കപ്പലിനുണ്ടായ തകരാറിനെക്കുറിച്ച് നാവികസേന അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇൻഡോ-പസഫിക് മേഖലയിൽ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കപ്പലിലുണ്ടായ ഈ തകരാർ അതീവ ഗൗരവത്തോടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്.
