Home Keralaകൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് തിളക്കമുള്ള ജയം; കഴിഞ്ഞ തോൽവിക്ക് മധുരപ്രതികാരം

കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് തിളക്കമുള്ള ജയം; കഴിഞ്ഞ തോൽവിക്ക് മധുരപ്രതികാരം

16,830 വോട്ടിന്റെ ഭൂരിപക്ഷം; കടുത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് പിടിച്ചെടുത്തു മണ്ഡലം

by news_desk1
0 comments

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ ബിന്ദു കൃഷ്ണയ്ക്ക് നിർണായക വിജയം. 16,830 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ബിന്ദു കൃഷ്ണ വിജയിച്ചത്. ബിന്ദു കൃഷ്ണ 63,416 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥിയായ എസ്. ജയമോഹൻ 46,586 വോട്ടുകളും എൻഡിഎ സ്ഥാനാർഥിയായ ഡോ. പ്രതാപ് കുമാർ എൻ 18,537 വോട്ടുകളും നേടി.

കൊല്ലം നഗരസഭയിലെ നിരവധി വാർഡുകളും കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂർ, തൃക്കരുവ പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് കൊല്ലം. സാധാരണയായി കടുത്ത മത്സരങ്ങൾക്കാണ് ഇവിടെ സാക്ഷ്യം വഹിക്കാറുള്ളത്. കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയങ്ങൾ നിശ്ചയിക്കപ്പെടുന്ന മണ്ഡലമെന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്.

2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എം. മുകേഷ് 2,072 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ഈ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവാണ് ബിന്ദു കൃഷ്ണ നേടിയത്.

ഇക്കുറിയും മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് അരങ്ങേറിയത്. വികസന വിഷയങ്ങൾക്കൊപ്പം മുൻ എംഎൽഎക്കെതിരെ ഉയർന്ന വിവാദങ്ങളും രാഷ്ട്രീയ ചർച്ചകളിൽ ഇടം നേടിയിരുന്നു. ഒടുവിൽ വോട്ടർമാർ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയതോടെ കൊല്ലം മണ്ഡലം വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് മാറി.

You may also like