പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് ഇനി ഓൺലൈനായി കൂടുതൽ മുറികൾ ബുക്ക് ചെയ്യാം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിച്ചതോടെ തുലാമാസ പൂജ മുതൽ പ്രതിദിനം 400 മുറികൾ വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഇതുവരെ 190 മുറികൾ മാത്രമായിരുന്നു ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ബാക്കിയുള്ള മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയായിരുന്നു ഭക്തർക്ക് അനുവദിച്ചിരുന്നത്. എല്ലാ മേഖലകളിലും ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആയി ഉയർത്തിയത്.
ഇതിന്റെ ഭാഗമായി പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി പ്രവർത്തിച്ചിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾ കൂടി ഇനി മുതൽ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം.
www.onlinetdb.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് മുറികൾ ബുക്ക് ചെയ്യേണ്ടത്. തുലാമാസ പൂജയോടനുബന്ധിച്ചുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഒക്ടോബർ ഏഴ് രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും.
അതേസമയം, വെബ്സൈറ്റിലെ തിരക്ക് കാരണം ബുക്കിംഗ് പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താൽ ഭക്തർക്ക് പരാതിപ്പെടാം. ഇതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം Onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി അറിയിക്കാവുന്നതാണ്.
തീർഥാടകരുടെ സൗകര്യാർഥം ഏർപ്പെടുത്തിയിരിക്കുന്ന ഡിജിറ്റൽ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
