തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാർ വീണ് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അഭ്യർത്ഥിച്ചു.
ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ കോച്ചിന്റെ വാതിൽക്കൽ നിൽക്കുന്നതും ഫുട്ബോർഡിൽ യാത്ര ചെയ്യുന്നതും അപകടസാധ്യതകൾ വർധിപ്പിക്കുന്ന പ്രവണതകളാണെന്ന് ആർ.പി.എഫ് മുന്നറിയിപ്പ് നൽകി. വളവുകൾ, പെട്ടെന്നുള്ള ബ്രേക്കിങ്, തിരക്ക്, ശാരീരിക അസ്വസ്ഥതകൾ എന്നിവ മൂലം ബാലൻസ് നഷ്ടപ്പെടാൻ ഇടയാകുകയും അതിലൂടെ ഗുരുതര അപകടങ്ങൾ സംഭവിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ട്രെയിനിൽ കയറുന്നയുടൻ കോച്ചിനുള്ളിലേക്ക് പൂർണമായും പ്രവേശിച്ച് വാതിലുകളിൽ നിന്ന് അകന്ന് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും നിർദ്ദേശമുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറുകയോ ഇറങ്ങുകയോ ചെയ്യരുത്. വാതിൽക്കൽ നിന്ന് പുറത്തേക്ക് ചാഞ്ഞോ തൂങ്ങിനിന്നോ യാത്ര ചെയ്യുന്നതും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു.
ഈ വർഷം മാത്രം തിരുവനന്തപുരം ഡിവിഷനിൽ 37 വീഴ്ചാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആർ.പി.എഫ് അറിയിച്ചു. ഇതിൽ പലതും ഗുരുതര പരിക്കുകൾക്കും ജീവഹാനിക്കും കാരണമായിട്ടുണ്ട്.
ബോധവത്കരണ ക്യാമ്പെയ്നുകൾ, സ്റ്റേഷൻ അറിയിപ്പുകൾ, യാത്രക്കാരുടെ കൗൺസിലിംഗ്, നിരീക്ഷണം എന്നിവ ശക്തമാക്കി തുടരുകയാണെന്നും ഓരോ ജീവനും വിലപ്പെട്ടതാണെന്നും സുരക്ഷിത യാത്രയ്ക്കായി എല്ലാവരും സഹകരിക്കണമെന്നും ആർ.പി.എഫ് അഭ്യർത്ഥിച്ചു.

