തൃശൂര്‍: ബെംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയായ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ സ്ഥിരം അക്രമിയാണെന്ന് പൊലീസ് വ്യക്തമാക്കി. മുമ്പും വിവിധ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തൃശൂര്‍ സ്വദേശിയായ സുനിത (47)യാണ് ആക്രമണത്തിനിരയായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുനിത തൃശൂര്‍ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നുമാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
കൊല്ലം സ്വദേശിയായ ദീപക് കൃഷ്ണന്‍ മുമ്പ് കൊച്ചിയില്‍ മൃഗാശുപത്രിയില്‍ അക്രമം നടത്തിയ കേസിലും, മയക്കുമരുന്ന് കൈവശം വെച്ച കേസിലും പിടിയിലായിട്ടുണ്ട്. ദുബായില്‍ ഐടി ജോലിക്കാരനായിരുന്ന ഇയാള്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചശേഷം വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തിയതായും പൊലീസ് കണ്ടെത്തി.
വാടാനപ്പള്ളി സ്വദേശിയായ സുനിത തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു. ബെംഗളൂരുവില്‍ സമാനമായ ജോലിക്ക് ആളെ ആവശ്യമെന്ന പരസ്യം കണ്ടാണ് അവര്‍ അവിടെ എത്തിയത്. ഏപ്രില്‍ 17-ന് ബന്ധുക്കളോടൊപ്പം ബെംഗളൂരുവിലെത്തിയ സുനിത, മേയ് 3-ന് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ദീപക് സുനിതയുടെ നെഞ്ചില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.
സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരിക്കുകയാണ്. ഇയാളെ പിടികൂടാന്‍ തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

