ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാവുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഭക്ഷണരീതി, ഉറക്കം, വ്യായാമക്കുറവ് തുടങ്ങിയ ദൈനംദിന ശീലങ്ങളാണ് പലപ്പോഴും മോശം കൊളസ്ട്രോൾ ഉയരാൻ കാരണമാകുന്നത്. ചെറിയ അശ്രദ്ധകൾ പോലും കാലക്രമേണ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
ശരീരത്തിലെ കോശനിർമാണത്തിനും ഹോർമോൺ ഉൽപ്പാദനത്തിനും ആവശ്യമായ കൊഴുപ്പുസ്വഭാവമുള്ള ഘടകമാണ് കൊളസ്ട്രോൾ. കരളാണ് ഇത് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുമ്പോൾ, എൽഡിഎൽ (മോശം കൊളസ്ട്രോൾ) രക്തക്കുഴലുകളിൽ അടിഞ്ഞുകൂടി ഹൃദ്രോഗസാധ്യത വർധിപ്പിക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് അപകടകരം
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കാം. പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനും അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും ഇത് കാരണമാകും. ഇതുവഴി എൽഡിഎൽ കൊളസ്ട്രോൾ ഉയരാനുള്ള സാധ്യത കൂടും.
പാക്കറ്റ് ഭക്ഷണങ്ങളുടെ അമിത ഉപയോഗം
ചിപ്സ്, ബിസ്ക്കറ്റ്, ഫ്രോസൺ സ്നാക്കുകൾ പോലുള്ള ഭക്ഷണങ്ങളിൽ ട്രാൻസ് ഫാറ്റും റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും കൂടുതലായിരിക്കും. ഇവ മോശം കൊളസ്ട്രോൾ ഉയർത്തുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
വ്യായാമമില്ലാത്ത ജീവിതശൈലി
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതും ശരീരചലനം കുറവായതും കൊഴുപ്പ് ശരിയായി വിഘടിപ്പിക്കാൻ ശരീരത്തെ തടസ്സപ്പെടുത്തും. ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടന്നാലും കൊളസ്ട്രോൾ നിയന്ത്രണത്തിൽ ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അമിത പഞ്ചസാര ഉപയോഗം
പഞ്ചസാര ചേർത്ത പാനീയങ്ങളും മധുരപലഹാരങ്ങളും ശരീരഭാരം വർധിപ്പിക്കുന്നതിനൊപ്പം ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകും. ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കൂട്ടും.
ഉറക്കക്കുറവും സമ്മർദ്ദവും
മതിയായ ഉറക്കം ലഭിക്കാതിരിക്കുകയും സ്ഥിരമായ മാനസിക സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുന്നത് ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കും. ഇതുവഴി കൊളസ്ട്രോൾ ഉയരാനും അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ രൂപപ്പെടാനും സാധ്യത കൂടുതലാണ്. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

