കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകൾക്കിടെ വി ഡി സതീശനെ പിന്തുണച്ച് നടൻ സിദ്ദിഖ് രംഗത്ത്. മുഖ്യമന്ത്രിയായി വി ഡി സതീശനെ മാത്രമേ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നുള്ളുവെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ മറ്റാരെയും ആ സ്ഥാനത്തേക്ക് കൊണ്ടുവരരുതെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച ഏക നേതാവ് വി ഡി സതീശനാണെന്ന് സിദ്ദിഖ് പറഞ്ഞു. സാമുദായിക സമ്മർദ്ദങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങാതെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന നേതാവാണ് സതീശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ജനങ്ങൾ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശനെയാണ് പ്രതീക്ഷിച്ചത്. ആ വിശ്വാസം തകർക്കരുത്. അധികാര വടംവലിയും ഗ്രൂപ്പ് കളിയും കൊണ്ട് മറ്റൊരാളെ മുന്നിലെത്തിച്ചാൽ അത് പ്രവർത്തകരും സാധാരണക്കാരും അംഗീകരിക്കില്ല,” എന്നാണ് സിദ്ദിഖിന്റെ പ്രതികരണം.
കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കളുടെ അഭിപ്രായം മാത്രം പരിഗണിക്കാതെ ജനങ്ങളുടെ വികാരവും മനസ്സിലാക്കി തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ കരുണാകരനും ഉമ്മൻ ചാണ്ടിയും പോലുള്ള നേതാക്കളെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരണ കോൺഗ്രസ് അനുഭാവിയുടെ അഭ്യർഥനയാണിതെന്നും സിദ്ദിഖ് കുറിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ തുടരുകയാണ്. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്ക് പിന്തുണയുമായി വിവിധ നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

