കണ്ണൂർ: പേരാവൂരിൽ മത്സരിപ്പിച്ചതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കെ കെ ശൈലജ. മത്സരിക്കാൻ താൽപര്യമില്ലാതിരുന്നിട്ടും പാർട്ടി നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നും വിജയസാധ്യത കുറവാണെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും ശൈലജ യോഗത്തിൽ തുറന്നുപറഞ്ഞതായാണ് വിവരം.
മട്ടന്നൂരിൽ നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ശൈലജയ്ക്ക് ഇത്തവണ പേരാവൂരിൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. സിപിഐഎം ശക്തികേന്ദ്രമായ പായത്ത് പോലും 1500 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ സാധിക്കാത്തത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചതായാണ് റിപ്പോർട്ട്. ഇവിടെ 3000ത്തിലധികം വോട്ടിന്റെ ലീഡാണ് എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നത്.
ശൈലജയുടെ സ്വന്തം നാട്ടുപ്രദേശമായ പായത്തിലെ 13 ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് 12 ബൂത്തുകളിൽ ലീഡ് നേടി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. സിപിഐഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും ശൈലജയ്ക്ക് തിരിച്ചടിയേറ്റു. നഗരസഭയിലെ 32 ബൂത്തുകളിൽ 20 ഇടങ്ങളിലും സണ്ണി ജോസഫ് മുന്നിലെത്തി. ഇവിടെ നിന്നു മാത്രം യുഡിഎഫിന് 2200ലധികം വോട്ടിന്റെ മേൽക്കൈ ലഭിച്ചു.
മുഴക്കുന്ന് പഞ്ചായത്തിലും എൽഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. മുഴക്കുന്ന്, മുടക്കൊഴിമല മേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്തിൽ വെറും 700 വോട്ടിന്റെ ലീഡ് മാത്രമാണ് ശൈലജയ്ക്ക് നേടാനായത്. യുഡിഎഫിന്റെ ശക്തികേന്ദ്രമായ അയ്യൻകുന്നിൽ സണ്ണി ജോസഫ് വൻ ഭൂരിപക്ഷം സ്വന്തമാക്കി.
പേരാവൂർ പഞ്ചായത്തിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. 1500ലേറെ വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നിടത്ത് 300ൽ താഴെ വോട്ടിന്റെ ലീഡാണ് എൽഡിഎഫിന് ലഭിച്ചത്. പഞ്ചായത്തിലെ 20 ബൂത്തുകളിൽ 12 ഇടങ്ങളിലും യുഡിഎഫ് മുന്നിലെത്തി.
അതേസമയം, ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടിയതും എൽഡിഎഫിന് വലിയ തിരിച്ചടിയായി. യഥാക്രമം 3900, 1477, 1640, 2184 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്.

