തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചർച്ചകൾ കടുത്ത സാഹചര്യത്തിൽ നിലപാട് ശക്തമാക്കി വി ഡി സതീശൻ. മുഖ്യമന്ത്രി പദം ലഭിക്കാത്ത പക്ഷം മന്ത്രിസഭയിൽ അംഗമാകില്ലെന്ന നിലപാടാണ് സതീശൻ നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വി ഡി സതീശന്റെ കടുത്ത നിലപാട് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതും യുഡിഎഫിന്റെ മുഖമായി പ്രചാരണത്തിന് നേതൃത്വം നൽകിയതും താനാണെന്ന വിലയിരുത്തലിലാണ് സതീശൻ പക്ഷം.
അതേസമയം, കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും പിന്തുണയുമായി വിവിധ ഗ്രൂപ്പുകളും നേതാക്കളും രംഗത്തുണ്ട്. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമായി തുടരുകയാണ്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ച ശേഷം റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറും.
മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

