ചെന്നൈ: തമിഴ്നാട്ടിൽ ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ നിർണായക വഴിത്തിരിവ്. ഗവർണർ രാജേന്ദ്ര അർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. സർക്കാരുണ്ടാക്കാൻ വിജയ്യെ ഗവർണർ ഉടൻ ക്ഷണിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ സഖ്യകക്ഷികളും രംഗത്തെത്തിയതോടെ രാഷ്ട്രീയ ചർച്ചകൾ കൂടുതൽ സജീവമായി. വിജയ്യെ സർക്കാർ രൂപീകരണത്തിന് ക്ഷണിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഗവർണറുടെ അനുകൂല തീരുമാനം ലഭിച്ചാൽ രണ്ടുദിവസത്തിനകം സത്യപ്രതിജ്ഞ നടക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഡിഎംകെ-എഐഎഡിഎംകെ സഖ്യസാധ്യതകൾ പാതിവഴിയിൽ അവസാനിച്ചതോടെയാണ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് വഴിയൊരുങ്ങിയത്. ഇതിനിടെ സംസ്ഥാനത്ത് സുരക്ഷയും ശക്തമാക്കിയിരിക്കുകയാണ്.
മറീന ബീച്ച് പരിസരത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ജെല്ലിക്കെട്ട് സമര മാതൃകയിൽ യുവജന പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.
ഇതിനിടെ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി വിജയ് ഇന്നലെ ഗവർണറെ കണ്ടിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണ തെളിയിക്കാൻ കഴിഞ്ഞില്ല. 112 എംഎൽഎമാരുടെ ഒപ്പോടുകൂടിയ കത്താണ് വിജയ് ഗവർണർക്ക് കൈമാറിയത്. ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ നിർദേശിച്ച ശേഷമാണ് ഗവർണർ വിജയ്യെ മടക്കിയതെന്നാണ് വിവരം.
മുസ്ലിം ലീഗും സിപിഐയും ഡിഎംകെയ്ക്കൊപ്പമെന്ന നിലപാടിലാണ്. മറ്റ് ചെറുകക്ഷികളുടെ പിന്തുണ ഉറപ്പാക്കി അധികാരത്തിലെത്താനാണ് ടിവികെയുടെ നീക്കം. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കെ അടുത്ത മണിക്കൂറുകൾ നിർണായകമാകും.

