Home Top Storiesകെ.സി. വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണ; സതീശനും ചെന്നിത്തലയ്ക്കും തിരിച്ചടി, മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ

കെ.സി. വേണുഗോപാലിന് 47 എംഎൽഎമാരുടെ പിന്തുണ; സതീശനും ചെന്നിത്തലയ്ക്കും തിരിച്ചടി, മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ

by news_desk
0 comments

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ അവസാന ഘട്ടത്തിലേക്ക്. എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗമാണ് പ്രകടമാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സന്ദീപ് ജി. വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷാ വിജയൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വേണുഗോപാലിനെ പിന്തുണച്ചതായാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി പദത്തിനായി സജീവമായി രംഗത്തുള്ള രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും എംഎൽഎമാരുടെ നിലപാട് വലിയ തിരിച്ചടിയായി. ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഐ.സി. ബാലകൃഷ്ണൻ പോലും വേണുഗോപാലിനെയും ചെന്നിത്തലയെയും ഒരേപോലെ പിന്തുണച്ചതായാണ് സൂചന. രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി. സതീശന് ആറ് എംഎൽഎമാരുടെയും പിന്തുണ മാത്രമേ ലഭിച്ചിട്ടുള്ളൂ. സതീശനും ചെന്നിത്തലയും നിരീക്ഷകരെ കണ്ട് അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ കെ.സി. വേണുഗോപാൽ കൂടിക്കാഴ്ചയിൽ നിന്ന് വിട്ടുനിന്നു. പാർട്ടിയുടെ സീറ്റുകൾ 21-ൽ നിന്ന് 63-ലേക്ക് ഉയർത്തിയതിൽ തന്റെ പങ്ക് സതീശൻ വിശദീകരിച്ചപ്പോൾ, സീനിയോറിറ്റിയും അനുഭവസമ്പത്തും പരിഗണിച്ച് ഇതൊരു അവസാന അവസരമായി നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

അടുത്ത മുഖ്യമന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം ശനിയാഴ്ചയോ ഞായറാഴ്ചയോ ഉണ്ടായേക്കും. തുടർന്ന് രണ്ട് ദിവസത്തിനകം പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതിനിടെ, വി.ഡി. സതീശന് വേണ്ടി വാദിക്കുന്ന മുസ്ലിം ലീഗ്, ഹൈക്കമാൻഡ് തീരുമാനം വന്ന ശേഷം നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിന് ലഭിച്ച സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടായിരിക്കും ഇനി നിർണ്ണായകമാവുക. കൂടുതൽ ചർച്ചകൾക്കായി സതീശനെയും ചെന്നിത്തലയെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കാനും സാധ്യതയുണ്ട്.

You may also like