Home Sportsവീണ്ടും ഷക്കീറ തരംഗം; ലോകകപ്പ് ആവേശത്തിന് മാറ്റ് കൂട്ടാൻ ‘ദായ് ദായ്’ എത്തുന്നു

വീണ്ടും ഷക്കീറ തരംഗം; ലോകകപ്പ് ആവേശത്തിന് മാറ്റ് കൂട്ടാൻ ‘ദായ് ദായ്’ എത്തുന്നു

by news_desk
0 comments

മിലാൻ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയർത്താൻ പോപ്പ് റാണി ഷക്കീറ വീണ്ടും എത്തുന്നു. വക്കാ വക്കായ്ക്കും ലാ ലാ ലായ്ക്കും ശേഷം ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുന്ന പുതിയ ലോകകപ്പ് ഗാനം ‘ദായ് ദായ്’ (Dai Dai) ടീസർ പുറത്തിറങ്ങി. നൈജീരിയൻ ഗായകൻ ബർണ ബോയ്‌ക്കൊപ്പം ചേർന്നാണ് ഷക്കീറ ഇത്തവണ ഗാനമൊരുക്കിയിരിക്കുന്നത്.

പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കുന്ന ‘കമോൺ’, ‘ലെറ്റ്‌സ് ഗോ’ എന്നൊക്കെ അർത്ഥം വരുന്ന ഇറ്റാലിയൻ വാക്കാണ് ‘ദായ് ദായ്’. ഷക്കീറയുടെ തനതായ മാന്ത്രിക ശബ്ദവും ചടുലമായ നൃത്തച്ചുവടുകളും തന്നെയാണ് പുതിയ ഗാനത്തിന്റെയും പ്രധാന ആകർഷണം. 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിനായി ഷക്കീറ പാടിയ വക്കാ വക്കാ സോങ് ആഗോളതലത്തിൽ വൻ തരംഗമായിരുന്നു. തുടർന്ന് 2014-ലെ ബ്രസീൽ ലോകകപ്പിൽ പുറത്തിറങ്ങിയ ലാ ലാ ലാ സോങ്ങും ഔദ്യോഗിക ഗാനത്തേക്കാൾ വലിയ ഹിറ്റായി മാറി.

പുതിയ ഗാനത്തിന്റെ പൂർണ്ണരൂപം ഈ മാസം 14-ന് പുറത്തിറക്കുമെന്ന് ഷക്കീറ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഈ ഗാനം വരും ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ മുഴങ്ങിക്കേൾക്കുമെന്ന് ഉറപ്പാണ്. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും ഫുട്ബോൾ പ്രേമികൾ ഇതിനോടകം തന്നെ ടീസർ ഏറ്റെടുത്തു കഴിഞ്ഞു. കായിക മാമാങ്കത്തിന് മുന്നോടിയായി പുറത്തിറങ്ങുന്ന ഈ സംഗീത വിരുന്ന് ആരാധകർക്ക് പുത്തൻ ഊർജ്ജം നൽകും.

You may also like