Home Top Storiesമുഖ്യമന്ത്രിയെ നിശ്ചയിക്കാൻ നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ; തെരുവ് പോരിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി

മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ; തെരുവ് പോരിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി

by news_desk
0 comments

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ നടക്കും. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഇന്നലെ രാത്രി തന്നെ ദേശീയ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞുള്ള തർക്കങ്ങളും തെരുവ് പോരും ഡൽഹിയിലേക്കും പടരുന്നത് നേതൃത്വത്തിന് തലവേദനയാകുന്നു.

ഡൽഹിയിൽ എത്തിയ വി.ഡി. സതീശന് കേരള ഹൗസിൽ പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. അതേസമയം, സതീശനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് നേരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. സതീശൻ മുഖ്യമന്ത്രിയായില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും പ്രവർത്തകർ നൽകി. പ്രതിഷേധങ്ങൾ ഭയന്ന് രമേശ് ചെന്നിത്തല കേരള ഹൗസിൽ എത്താതെ താമസം മറ്റൊരിടത്തേക്ക് മാറ്റിയതായാണ് വിവരം.

സംസ്ഥാനത്ത് തുടരുന്ന ഫ്ലക്സ്-പോസ്റ്റർ യുദ്ധത്തിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് നിർദ്ദേശം മറികടന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നവർക്കെതിരെ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകി. സെക്രട്ടേറിയറ്റിന് മുന്നിലെ വി.ഡി. സതീശന്റെ ‘നാച്ചുറൽ ചോയ്‌സ്’ ഫ്ലക്സുകൾക്ക് മുകളിൽ പരിഹാസ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും, പാളയത്ത് ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പമുണ്ടായിരുന്ന കെ.സി. വേണുഗോപാലിന്റെ ചിത്രം കീറി നശിപ്പിച്ചതും പാർട്ടിക്ക് വലിയ നാണക്കേടായി. പ്രകോപനപരമായ ഈ സാഹചര്യങ്ങൾക്കിടയിൽ ഇന്ന് നടത്തുന്ന ചർച്ചകൾക്ക് ശേഷമാകും ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തുക.

You may also like