Home Kerala‘സായുധ വിപ്ലവമൊന്നും നടന്നിട്ടില്ല’; വി.ഡി. സതീശന് അനുകൂല പ്രകടനങ്ങൾക്കെതിരെ അലോഷ്യസ് സേവ്യർ

‘സായുധ വിപ്ലവമൊന്നും നടന്നിട്ടില്ല’; വി.ഡി. സതീശന് അനുകൂല പ്രകടനങ്ങൾക്കെതിരെ അലോഷ്യസ് സേവ്യർ

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾക്കിടെ വി.ഡി. സതീശനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രകടനങ്ങൾക്കെതിരെ പ്രതികരണവുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയെ അപഹാസ്യമാക്കുന്ന നടപടികൾ അംഗീകരിക്കാനാകില്ലെന്നും പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പാർട്ടിയുടെ നടപടിക്രമങ്ങളെക്കുറിച്ച് നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അതിനെ തെരുവ് പ്രക്ഷോഭങ്ങളിലൂടെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടില്ല. താഴെത്തട്ടിലുള്ള പ്രവർത്തകർ മുതൽ എല്ലാവരും ചേർന്നാണ് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോയത്,” എന്നാണ് അലോഷ്യസ് സേവ്യർ കുറിച്ചത്.

പാർട്ടി നേതാക്കളെ തെരുവ് വിചാരണയ്ക്ക് വിധേയരാക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്ന നിലപാട് തിരുത്തപ്പെടണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയാകേണ്ടത് ആരെന്നത് പാർട്ടി തീരുമാനിക്കേണ്ട വിഷയമാണെന്നും അതിൽ അതിരുവിട്ട സമ്മർദ്ദങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നിരുന്നു. തിരുവനന്തപുരം ഉൾപ്പെടെ പല ജില്ലകളിലും യൂത്ത് കോൺഗ്രസ്, കെഎസ്‌യു, കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകിയ റാലികളാണ് നടന്നത്. എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, മലപ്പുറം തുടങ്ങിയ ജില്ലകളിലും സമാന പ്രകടനങ്ങൾ അരങ്ങേറി.

ഈ സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിലെ പ്രതിഷേധങ്ങളും പൊതു പ്രകടനങ്ങളും സംബന്ധിച്ച് അലോഷ്യസ് സേവ്യർ തുറന്ന വിമർശനവുമായി രംഗത്തെത്തിയത്.

You may also like