തിരുവനന്തപുരം: കഴക്കൂട്ടത്ത് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ സ്പായിൽ എത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. സിപിഐഎം കഴക്കൂട്ടം കൽപ്പന ബ്രാഞ്ച് സെക്രട്ടറി മേനംകുളം ആറ്റരികത്ത് വീട്ടിൽ റിബ്‌സൺ (32) ആണ് പൊലീസ് പിടിയിലായത്.
മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴക്കൂട്ടത്തെ ഒരു സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സ്പായിൽ എത്തിച്ച ശേഷം പ്രതി യുവതിയെ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ഇടനിലക്കാരിയായ ആലപ്പുഴ സ്വദേശിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചതും സ്പായിലേക്ക് കൊണ്ടുപോയതും ഇവരാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സ്പായിൽ എത്തിയതിന് പിന്നാലെ ഇവർ റിബ്‌സണെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായും കണ്ടെത്തി.
സ്ഥലത്തെ സാഹചര്യത്തിൽ ദുരുദ്ദേശമുണ്ടെന്ന് മനസിലാക്കിയ യുവതി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലമായി മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിബ്‌സണെ റിമാൻഡ് ചെയ്തു.

