Home Kerala‘പരസ്യ പ്രതികരണത്തിനില്ല, പരാതിയിൽ ഉറച്ചുനിൽക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

‘പരസ്യ പ്രതികരണത്തിനില്ല, പരാതിയിൽ ഉറച്ചുനിൽക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ നൽകിയ പരാതിയിൽ ഹൈക്കമാൻഡ് തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. തീരുമാനം ഉണ്ടാകുന്നതുവരെ വിഷയത്തിൽ പരസ്യപ്രതികരണം നടത്തേണ്ടെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഹൈക്കമാൻഡിന്റെ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അടൂർ പ്രകാശ്. ഡൽഹിയിലുള്ള അദ്ദേഹം ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയേക്കും. മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നിലവിൽ ഡൽഹിയിൽ തുടരുകയാണ്.

ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ കൂടിയാലോചന നടത്താതെ തീരുമാനമെടുത്തുവെന്നതാണ് വി.ഡി. സതീശനെതിരെ അടൂർ പ്രകാശ് ഉന്നയിക്കുന്ന പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി അതൃപ്തി പരസ്യമാക്കിയ ശേഷമാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കഴിഞ്ഞദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടും അടൂർ പ്രകാശ് പരാതികൾ ഉന്നയിച്ചിരുന്നു.

കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണുന്നതിനായി ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ജിഎസ്ടി യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ അടൂർ പ്രകാശിന്റെ പരാതിയും ചർച്ചയായെന്നാണ് വിവരം.

അതേസമയം, പാർട്ടിക്കുള്ളിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ പരസ്യമായി പറഞ്ഞത് കടുത്ത അച്ചടക്കലംഘനമാണെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ നിലപാട്. അടൂർ പ്രകാശിനെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.

സർക്കാരിന്റെ നല്ല തീരുമാനങ്ങൾ അടൂർ പ്രകാശ് അറിയാതിരുന്നത് നന്നായെന്ന പരിഹാസവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദും രംഗത്തെത്തി. അടൂർ പ്രകാശിന്റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You may also like