Home Nationalതമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി; വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് ഗവർണറുടെ തടസ്സം, പിന്തുണക്കത്ത് നൽകാതെ വിസികെ

തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി; വിജയ്‌യുടെ സത്യപ്രതിജ്ഞയ്ക്ക് ഗവർണറുടെ തടസ്സം, പിന്തുണക്കത്ത് നൽകാതെ വിസികെ

by news_desk
0 comments

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ രൂപീകരണ നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഗവർണർ അനുമതി നൽകിയില്ല. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കുന്ന പിന്തുണക്കത്തുകൾ ഹാജരാക്കാൻ സാധിക്കാത്തതാണ് വിജയ്ക്ക് തിരിച്ചടിയായത്. നിലവിൽ 116 എംഎൽഎമാരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് രാജ്ഭവൻ വ്യക്തമാക്കി.

പിന്തുണ പ്രഖ്യാപിച്ചിരുന്ന വിസികെ (വിടുതലൈ ചിരുതൈകൾ കക്ഷി) ഇതുവരെ ഔദ്യോഗികമായി കത്ത് ഗവർണർക്ക് കൈമാറിയിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് രാവിലെയോടെ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിസികെ നിലപാട്. മുസ്ലിം ലീഗും പിന്തുണക്കത്ത് നൽകില്ലെന്ന് വ്യക്തമാക്കിയതോടെ വിജയ് ക്യാമ്പ് കടുത്ത പ്രതിസന്ധിയിലായി. കോൺഗ്രസ്, സിപിഐഎം, സിപിഐ കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണ മാത്രമാണ് നിലവിൽ ടിവികെയ്ക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്.

അതിനിടെ, തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയമായ പുതിയ അവകാശവാദങ്ങളും ഉയർന്നു കഴിഞ്ഞു. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ ഗവർണർക്ക് കത്ത് നൽകി. തന്റെ പാർട്ടിയുടെ വ്യാജ പിന്തുണക്കത്ത് ഹാജരാക്കി വിജയ് ഗവർണറെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് ദിനകരൻ പോലീസിൽ പരാതിയും നൽകി. എഎംഎംകെ എംഎൽഎ കാമരാജിന്റെ പേര് വിജയ് നൽകിയ പട്ടികയിൽ കണ്ടതിൽ താൻ ഞെട്ടിപ്പോയെന്നും, ഇത് കുതിരക്കച്ചവടമോ കെട്ടിച്ചമച്ച രേഖയോ ആകാമെന്നും ദിനകരൻ ആരോപിച്ചു. നിലവിൽ എഐഎഡിഎംകെയെ ആണ് താൻ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ ചർച്ചകൾ സങ്കീർണ്ണമായ വഴിത്തിരിവിലായിരിക്കുകയാണ്.

You may also like