മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിന് പിന്നാലെ ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നു. നിലവിലെ നായകൻ സൂര്യകുമാർ യാദവിനെ സ്ഥാനത്തുനിന്ന് മാറ്റി സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് പുറത്തുവരുന്ന സൂചനകൾ. പരിശീലകൻ ഗൗതം ഗംഭീറിന് സഞ്ജുവിനെ നായകനാക്കുന്നതിനോടാണ് താൽപ്പര്യമെന്നാണ് വിവരം.
സൂര്യകുമാറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ശ്രേയസ് അയ്യരുടെ പേര് നായകസ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും, നിലവിൽ മാനേജ്‌മെന്റിന്റെ മുൻഗണന സഞ്ജുവിനാണെന്നാണ് സൂചന. സമീപകാലത്ത് സഞ്ജു സാംസൺ പുലർത്തുന്ന മികച്ച ഫോമും പക്വതയാർന്ന പ്രകടനവുമാണ് അദ്ദേഹത്തിന് അനുകൂലമാകുന്നത്. അതേസമയം, ഇന്ത്യൻ കുപ്പായത്തിലും ഐപിഎല്ലിലും ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സൂര്യകുമാർ ബുദ്ധിമുട്ടുന്നത് അദ്ദേഹത്തിന് തിരിച്ചടിയായി.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുന്ന ശ്രേയസ് അയ്യർ നിലവിൽ ടി20 ടീമിന് പുറത്താണ്. എന്നാൽ ടീമിലെ സ്ഥാനം ഉറപ്പിച്ച സഞ്ജു, നിലവിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററാണ്. പ്രതിസന്ധികളെ അതിജീവിച്ച് ടീമിലെത്തിയ സഞ്ജുവിന് യുവതാരങ്ങൾ അണിനിരക്കുന്ന പുതിയൊരു ടീമിനെ നയിക്കാൻ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. വരാനിരിക്കുന്ന പരമ്പരകളിൽ സഞ്ജുവിനെ നായകനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

