മലയാള സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ‘അതിരടി’യെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി നടന്‍ ബേസില്‍ ജോസഫ്. ചിത്രത്തിലെ പ്രണയരംഗങ്ങള്‍ക്ക് പ്രചോദനമായത് തന്റെ കോളേജ് കാലത്തെ അനുഭവങ്ങളാണെന്ന് ബേസില്‍ പറഞ്ഞു. തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെയും കഥാപാത്രത്തിന്റെ രൂപീകരണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും പിന്നീട് അത് പൂര്‍ണമായും സാങ്കല്‍പികമായി വികസിപ്പിച്ചെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തില്‍ റിയ ഷിബു അവതരിപ്പിക്കുന്ന കഥാപാത്രം തന്റെ പങ്കാളിയായ എലിസബത്തിന്റെ ചില സ്വഭാവസവിശേഷതകളെ അടിസ്ഥാനമാക്കിയാണെന്നും ബേസില്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പങ്കുവെച്ചത്.
ബേസില്‍ ജോസഫും അനന്തു എസ്. നായരുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ടൊവിനോ തോമസും സമീര്‍ താഹിറും സഹനിര്‍മാതാക്കളായി എത്തുന്നു. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14ന് തീയേറ്ററുകളിലെത്തും.
കോളേജ് വിദ്യാര്‍ഥിയുടെ ഗെറ്റപ്പില്‍ സ്റ്റൈലിഷ് മേക്കോവറിലാണ് ബേസില്‍ ജോസഫ് ചിത്രത്തില്‍ എത്തുന്നത്. മറുവശത്ത് മാസ് ലുക്കിലാണ് ടൊവിനോ തോമസിനെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബേസില്‍-ടൊവിനോ-വിനീത് കൂട്ടുകെട്ടിന്റെ പ്രകടനം സിനിമയുടെ പ്രധാന ആകര്‍ഷണമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ക്യാമ്പസ് പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും ചേര്‍ത്തൊരുക്കുന്ന ഫണ്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ടൈറ്റില്‍ പോസ്റ്റര്‍, ക്യാരക്ടര്‍ പോസ്റ്ററുകള്‍, ടീസര്‍ എന്നിവയിലൂടെ തന്നെ ചിത്രത്തിന്റെ ആഘോഷമൂഡ് പ്രേക്ഷകര്‍ക്ക് കൈമാറാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വേനല്‍ അവധിക്കാലത്ത് കുടുംബപ്രേക്ഷകരടക്കമുള്ള എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആഘോഷമായി തീയേറ്ററില്‍ ആസ്വദിക്കാവുന്ന സിനിമയായിരിക്കും ‘അതിരടി’യെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
‘മിന്നല്‍ മുരളി’ക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘അതിരടി’യെ ശ്രദ്ധേയമാക്കുന്നുണ്ട്.

