ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫിൻ അലന്റെ തകർപ്പൻ സെഞ്ചുറിയാണ് കൊൽക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. കൊൽക്കത്തയ്ക്ക് ജയിക്കാൻ മൂന്ന് റൺസ് മാത്രം ബാക്കിയുള്ളപ്പോൾ സിക്സറിലൂടെ സെഞ്ചുറിയും ടീമിന്റെ വിജയവും ഒരേ പന്തിൽ ആഘോഷിച്ച ഫിൻ അലന്റെ പ്രകടനം മത്സരത്തിലെ ശ്രദ്ധേയ കാഴ്ചയായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ സാധിച്ചുള്ളൂ. 29 പന്തിൽ 50 റൺസെടുത്ത പതും നിസ്സങ്കയും 39 റൺസെടുത്ത വിപ്രജ് നിഗവും മാത്രമാണ് ഡൽഹി നിരയിൽ പൊരുതിയത്. കെ.എൽ. രാഹുൽ (23), അക്ഷർ പട്ടേൽ (11) എന്നിവർ നിരാശപ്പെടുത്തി. കൊൽക്കത്തയ്ക്കായി അനുകൂൽ റോയ്, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ നാലാം ഓവറിൽ തന്നെ അജിങ്ക്യ രഹാനെ (13), അംഗകൃഷ് രഘുവൻഷി (1) എന്നിവരെ നഷ്ടമായി കൊൽക്കത്ത ഒന്ന് പതറിയെങ്കിലും ഫിൻ അലനും കാമറൂൺ ഗ്രീനും ചേർന്ന് ടീമിനെ വിജയതീരത്തെത്തിച്ചു. 47 പന്തിൽ 10 സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ 107 റൺസുമായി അലൻ പുറത്താകാതെ നിന്നു. ഗ്രീൻ 33 റൺസെടുത്ത് അലന് മികച്ച പിന്തുണ നൽകി. 14.2 ഓവറിൽ കൊൽക്കത്ത ലക്ഷ്യം മറികടന്നു. വിജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ പത്താം മത്സരത്തിൽ ഒമ്പത് പോയിന്റുമായി നില മെച്ചപ്പെടുത്തി. പരാജയപ്പെട്ട ഡൽഹി 11 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

