Home Editorialമുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് ജനവിധിയെ അപമാനിക്കരുത്

മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് ജനവിധിയെ അപമാനിക്കരുത്

by news_desk1
0 comments

പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിട്ട് ദിവസങ്ങൾ മാത്രം പിന്നിടുകയാണ്. 140ൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് വലിയ ജനപിന്തുണയോടെ അധികാരത്തിലേക്ക് തിരിച്ചെത്തി. പത്ത് വർഷം നീണ്ട ഇടത് ഭരണത്തിന് വിരാമമിട്ട് കേരള ജനത മാറ്റത്തിനുവേണ്ടിയാണ് വോട്ട് ചെയ്തത്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശബ്ദങ്ങൾ ഒരുപോലെ ശക്തമായി മുഴങ്ങുന്ന ജനാധിപത്യ സംവിധാനത്തിലേക്കുള്ള ജനങ്ങളുടെ ആഗ്രഹപ്രകടനമായിരുന്നു ഈ വിധി. എന്നാൽ, ആ ജനവിധിയുടെ ആത്മാവിനെ പോലും മുറിവേൽപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതാണ് ഇന്ന് കേരളം കാണുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയർന്ന പ്രധാന ചോദ്യമായിരുന്നു- ‘ആരാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?’ ഇടതുപക്ഷം ജയിച്ചിരുന്നെങ്കിൽ ആ ചോദ്യത്തിന് മറുപടി വളരെ ലളിതമായേനെ. പിണറായി വിജയൻ തന്നെയെന്ന് എല്ലാവർക്കും ഉറപ്പുണ്ടാകുമായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിൽ ചിത്രം അത്ര ലളിതമല്ല. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കളത്തിൽ നിറഞ്ഞുനിൽക്കുകയാണ്. കേന്ദ്ര കോൺഗ്രസ് നേതൃത്വത്തിന്റെ നിരീക്ഷകർ എത്തി എം.എൽ.എമാരുടെ അഭിപ്രായം തേടുന്ന പതിവ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെയാണ് ‘ഭൂരിപക്ഷം കെ.സി. വേണുഗോപാലിനാണ്’ എന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നത്. പിന്നാലെ വി.ഡി. സതീശനെ പിന്തുണച്ച് സംസ്ഥാനമൊട്ടാകെ പ്രകടനങ്ങളും ഫ്ലക്സ് യുദ്ധങ്ങളും അരങ്ങേറി.

‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന മുദ്രാവാക്യവുമായി തെരുവുകൾ നിറഞ്ഞു. സാമൂഹ്യമാധ്യമങ്ങൾ ഗ്രൂപ്പ് പോരിന്റെ വേദികളായി മാറി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളിൽ നേതാക്കളെ പിന്തുണയ്ക്കുന്നതും അഭിപ്രായം പ്രകടിപ്പിക്കുന്നതും സ്വാഭാവികമാണ്. അതിന് ഓരോ പ്രവർത്തകനും അവകാശമുണ്ട്. പക്ഷേ അതിന് ഒരു പരിധിയുണ്ട്. ജനാധിപത്യത്തെ ആഘോഷിക്കേണ്ട സമയത്ത് അധികാരത്തിന്റെ പേരിൽ തെരുവുകളിൽ ഏറ്റുമുട്ടുന്ന കാഴ്ചകൾ ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ അപമാനമാണ്. ജനങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്തത് നേതാക്കൾ തമ്മിൽ കരുത്ത് തെളിയിക്കാനല്ല. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികൾക്കും പരിഹാരം കാണാനാണ്. ഭരണത്തിലേറുന്നതിന് മുമ്പേ അധികാരവടംവലി ആരംഭിക്കുന്നതിലൂടെ യു.ഡി.എഫ് ജനങ്ങൾക്കിടയിൽ എന്ത് സന്ദേശമാണ് നൽകുന്നത്?

ഇത് വെറും മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള മത്സരം മാത്രമല്ല; ഒരു മുന്നണിയുടെ രാഷ്ട്രീയ പക്വതയുടെ പരീക്ഷണവുമാണ്. ഒരു നേതാവിനെ പോലും ഏകോപനത്തോടെ തിരഞ്ഞെടുക്കാൻ കഴിയാത്ത രാഷ്ട്രീയ സംവിധാനത്തിന് അഞ്ചു വർഷം കേരളത്തെ എങ്ങനെ ഐക്യത്തോടെ നയിക്കാനാകും എന്ന ചോദ്യമാണ് പൊതുസമൂഹം ഇന്ന് ചോദിക്കുന്നത്. പ്രചാരണ സമയത്ത് വീടുവീടാന്തരം കയറി വോട്ട് അഭ്യർത്ഥിച്ച നേതാക്കൾ ഒരിക്കൽ ഓർക്കണം; വോട്ടർമാർ കഴുതകളല്ല. അവർ രാഷ്ട്രീയബോധമുള്ളവരാണ്. പള്ളിക്കൂടങ്ങളുടെ വരാന്തയിൽ മണിക്കൂറുകളോളം കാത്തുനിന്ന് ചൂണ്ടുവിരലിൽ മഷി പുരട്ടി അവർ വോട്ട് ചെയ്തത് മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് കാണാനല്ല. നല്ല ഭരണത്തിനും വിശ്വാസ്യതയുള്ള നേതൃത്വത്തിനും വേണ്ടിയായിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇത്തരം അധികാരപ്പോരുകൾ പലപ്പോഴും വൻ തിരിച്ചടികൾക്ക് വഴിവെച്ചിട്ടുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തീയിൽ കത്തി നശിച്ച രാഷ്ട്രീയ ഭാവികൾ കേരളം കണ്ടിട്ടുണ്ട്. അധികാരലോഭം ജനങ്ങളുടെ വിശ്വാസത്തെ തകർത്തപ്പോൾ മഹത്തായ രാഷ്ട്രീയ പാരമ്പര്യങ്ങൾ പോലും തകർന്നുവീണ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഇന്നത്തെ സാഹചര്യം യു.ഡി.എഫിന് ഒരു മുന്നറിയിപ്പാണ്. ജനവിധിയെ ആഘോഷമാക്കേണ്ട സമയത്ത് അതിനെ ആഭ്യന്തര പോരാട്ടങ്ങളുടെ വേദിയാക്കി മാറ്റരുത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യമാകാം; എന്നാൽ ആ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന തെരുവ് യുദ്ധങ്ങളും ഗ്രൂപ്പ് ശക്തിപ്രകടനങ്ങളും ജനാധിപത്യത്തെ തന്നെ അപമാനിക്കുന്നതാണ്. കേരളം കാത്തിരിക്കുന്നത് പോസ്റ്റർ യുദ്ധങ്ങളെയും പ്രകടനങ്ങളെയും അല്ല; കാര്യക്ഷമമായ ഭരണത്തെയാണ്.

അധികാരത്തിന്റെ വിഴുപ്പലക്കൽ അവസാനിപ്പിച്ച് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുന്ന നേതൃത്വം കോൺഗ്രസും യു.ഡി.എഫും ഉടൻ കാണിക്കണം. അല്ലെങ്കിൽ ഈ ജനവിധി ചരിത്രത്തിലെ മറ്റൊരു രാഷ്ട്രീയ നിരാശയുടെ അധ്യായമായി മാറാൻ അധികകാലം വേണ്ടിവരില്ല.

You may also like