തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി ശക്തമാക്കി കെപിസിസി. തിരുവനന്തപുരത്ത് പ്രകടനത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി നേതാവ് പ്രതാപന്, കൈമനം പ്രഭാകരന് എന്നിവര്‍ക്കുൾപ്പെടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. കൃത്യമായ വിശദീകരണം നല്‍കാത്ത പക്ഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന കര്‍ശന മുന്നറിയിപ്പും കെപിസിസി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഹൈക്കമാന്‍ഡിന് കൈമാറിയതായും വിവരം.
പ്രതിഷേധ പ്രകടനത്തിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതില്‍ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. കേരളം ആദരിക്കുന്ന നേതാവിന്റെ ചിത്രം നശിപ്പിച്ചത് വേദനാജനകമാണെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്. വി ഡി സതീശനെ അനുകൂലിച്ചുള്ള പ്രകടനങ്ങളും ഫ്ളക്സ് ബോര്‍ഡ് നശിപ്പിച്ചതും അച്ചടക്ക ലംഘനമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നേരത്തെ കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നടപടി ശക്തമാക്കിയതെന്നാണ് സൂചന. പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങളും ഭാരവാഹികളുടെ പട്ടികയും കൈമാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് വലിച്ചുകീറിയ സംഭവത്തില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും പ്രതിഷേധത്തിലേക്ക് കടന്നുകയറിയ മറ്റാരെങ്കിലും ആയിരിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. വി ഡി സതീശന് അല്ലെങ്കില്‍ കെ സി വേണുഗോപാല്‍ അനുകൂലികള്‍ മനപ്പൂര്‍വം അത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും ആവേശത്തില്‍ സംഭവിച്ച കാര്യമായിരിക്കാമെന്നും ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു.

