Home Keralaമുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു; രണ്ടര മണിക്കൂർ ചർച്ചയ്ക്കൊടുവിലും കോൺഗ്രസിൽ ഏകോപനമില്ല

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു; രണ്ടര മണിക്കൂർ ചർച്ചയ്ക്കൊടുവിലും കോൺഗ്രസിൽ ഏകോപനമില്ല

by news_desk1
0 comments

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ നിർണായക ചർച്ച രണ്ടര മണിക്കൂർ നീണ്ടിട്ടും അന്തിമ തീരുമാനത്തിലെത്താനായില്ല. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരും പങ്കെടുത്തു.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീണ്ട ചർച്ചകളാണ് നടന്നതെന്ന് ദീപാദാസ് മുൻഷി വ്യക്തമാക്കി. ഖർഗെയും രാഹുൽ ഗാന്ധിയും നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തി. തുടർന്ന് നടത്തിയ സമഗ്ര ചർച്ചകൾക്കൊടുവിലാണ് തീരുമാനം പിന്നീട് പ്രഖ്യാപിക്കാമെന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് നീങ്ങിയത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി സംസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളെയും ഹൈക്കമാൻഡ് ഗൗരവത്തോടെ വിലയിരുത്തി. പ്രതിഷേധങ്ങൾ കോൺഗ്രസിന്റെ സംഘടനാ സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു ദീപാദാസ് മുൻഷിയുടെ പ്രതികരണം.

വൈകിട്ട് നാല് മണിയോടെയാണ് ഖർഗെയുടെ വസതിയിൽ നിർണായക ചർച്ച ആരംഭിച്ചത്. ആദ്യം കെ സി വേണുഗോപാൽ എത്തിയതിനു പിന്നാലെ വി ഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും എത്തി. ആദ്യഘട്ടത്തിൽ ഓരോ നേതാക്കളോടും ഖർഗെയും ദീപാദാസ് മുൻഷിയും പ്രത്യേകം ആശയവിനിമയം നടത്തി.

തുടർന്ന് കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പരിഗണിക്കുന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചതായാണ് സൂചനകൾ പുറത്തുവന്നത്. എംഎൽഎമാരുടെ പിന്തുണയ്ക്ക് പ്രധാന പരിഗണന നൽകണമെന്ന നിലപാട് ചർച്ചയിൽ ഉയർന്നു. എംഎൽഎമാരുടെ വികാരമാണ് കേരളത്തിന്റെ പൊതുവികാരമെന്നും കെ സി വേണുഗോപാൽ ചർച്ചയിൽ അഭിപ്രായപ്പെട്ടതായാണ് വിവരം. കഴിഞ്ഞ കാലങ്ങളിൽ പാർട്ടി നേതൃത്വത്തിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് താൻ രാഷ്ട്രീയ തീരുമാനങ്ങൾ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനിടെ രാഹുൽ ഗാന്ധിയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിൽ വി ഡി സതീശൻ തന്റെ അതൃപ്തി അറിയിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്ന സാഹചര്യമുണ്ടെങ്കിൽ പാർലമെന്റിലേക്ക് മാറാൻ തയാറാണെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചതെന്ന വിവരവും പുറത്തുവന്നു. മറുവശത്ത് സീനിയോറിറ്റി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല നിലകൊണ്ടത്.

വി ഡി സതീശന് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ ലഭിക്കുന്ന സാഹചര്യവും ഹൈക്കമാൻഡ് പരിശോധിച്ചു. എന്നാൽ ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങി തീരുമാനം എടുക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. അത്തരമൊരു തീരുമാനം ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിലും സമാന ആവശ്യങ്ങൾ ഉയരാൻ കാരണമാകുമെന്ന ആശങ്കയും ഹൈക്കമാൻഡ് പങ്കുവച്ചു.

കെ സി വേണുഗോപാലിന് അനുകൂലമായി തീരുമാനം വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വി ഡി സതീശൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇടുക്കി അടിമാലിയിൽ ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചപ്പോൾ കോഴിക്കോട് ഉള്ള്യേരിയിലും പ്രവർത്തകർ പ്രതിഷേധം നടത്തി.

ആദ്യമായി വൈകിട്ട് ആറരയോടെ പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നിരുന്നുവെങ്കിലും ചർച്ചകൾ തുടർന്ന് നീണ്ടു. ഒടുവിൽ രാത്രി ഏഴിന് ശേഷമാണ് നേതാക്കൾ ഖർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്കിറങ്ങിയത്. പിന്നാലെ മാധ്യമങ്ങളെ കണ്ട ദീപാദാസ് മുൻഷി മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് വ്യക്തമാക്കി.

You may also like