തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് രംഗത്തെത്തി. തീരുമാനം വരാന്‍ ഇനിയും രണ്ടുദിവസം വരെ എടുക്കാമെന്നും അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം” എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും പുതിയ നേതാക്കള്‍ മുന്നോട്ടുവരുമ്പോള്‍ അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇത്തരം ചര്‍ച്ചകള്‍ പതിവാണെന്നും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നുമാണ് മുരളീധരന്റെ നിലപാട്. വീണ്ടും അഭിപ്രായം തേടിയാലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാക്കള്‍ക്കിടയില്‍ സമവായമാകാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്ത മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും ഒറ്റപ്പേരില്‍ ധാരണയിലെത്താനായില്ല.
ശനിയാഴ്ച വൈകിട്ട് ഖര്‍ഗെയുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ ഓരോ നേതാക്കളുമായും പ്രത്യേകം ചര്‍ച്ച നടത്തിയ ശേഷം സംയുക്ത ചര്‍ച്ചയും നടന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കുന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവെച്ചതെന്നാണ് വിവരം. എംഎല്‍എമാരുടെ പിന്തുണയ്ക്കാണ് പ്രധാന പരിഗണന നല്‍കിയതെന്നും സൂചനയുണ്ട്. അതേസമയം വി ഡി സതീശന് അനുകൂലമായി നടന്ന പ്രകടനങ്ങളെ ഹൈക്കമാന്‍ഡ് അച്ചടക്കലംഘനമായി വിലയിരുത്തിയതായും അറിയുന്നു.
വി ഡി സതീശനും രമേശ് ചെന്നിത്തലയും നിര്‍ദേശത്തിനെതിരെ എതിർപ്പുയര്‍ത്തിയതോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കാതെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഇനി കൂടുതല്‍ ചര്‍ച്ചകളില്ലെന്നും പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂവെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

