തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചികിത്സാ രേഖകളും ഷീബ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കുടുംബ സുഹൃത്തായ അനന്തു സുരേഷിന്റെയും മൊഴി പൊലീസ് സ്വീകരിച്ചു.
അനന്തു സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും ചികിത്സയിലും ദുരൂഹതയുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാരുടെ ഇടപെടലുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയാണ് പ്രധാന ആരോപണം ഉയർന്നിരിക്കുന്നത്.
പരാതിയിൽ അന്വേഷണം നടത്താൻ നേരത്തെ ഡിജിപി നിർദേശം നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ബാലചന്ദ്രകുമാറിന് മറ്റ് ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഭാര്യ ഷീബ നേരത്തെ വ്യക്തമാക്കിയിരുന്നു. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് ആരോഗ്യനില മോശമായതെന്നും പരിശോധനാ റിപ്പോർട്ടുകൾ തങ്ങളുടെ കൈവശമുണ്ടെന്നും അവർ പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിന് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ സ്കാനിംഗ് റിപ്പോർട്ടുകൾ മാത്രം മതിയാകുമെന്നും ഷീബ പ്രതികരിച്ചിരുന്നു.
ബാലചന്ദ്രകുമാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്കാണ് അനന്തു സുരേഷ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിനെ മനഃപൂർവം അപകടത്തിലാക്കാൻ ചില ഡോക്ടർമാർ ഇടപെട്ടതായി വിശ്വസിക്കാവുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
കാലിൽ ഉണ്ടായിരുന്ന ഒരു നീരായിരുന്നു ബാലചന്ദ്രകുമാറിൽ ആദ്യം കണ്ട രോഗലക്ഷണമെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് നടത്തിയ പരിശോധനകളിലാണ് ഒരു വൃക്കയിൽ കല്ല് കണ്ടെത്തിയത്. അത് നീക്കം ചെയ്യുന്നതിനായാണ് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എസ്ഐടി ആശുപത്രിയിലെ ഡോ. ശിവരാമകൃഷ്ണനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ, ചികിത്സ ലഭിച്ചിരുന്ന ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.
2024 ഡിസംബർ 13-നാണ് ബാലചന്ദ്രകുമാർ മരിച്ചത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തിയായിരുന്നു ബാലചന്ദ്രകുമാർ. കേസിൽ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്നതായി ആരോപിക്കപ്പെട്ട നിരവധി ഓഡിയോ സംഭാഷണങ്ങളും മറ്റ് തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാർ നടത്തിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒരു വിഐപി മുഖേന ദിലീപിന്റെ കൈവശം എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ദിലീപിനെതിരെ ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയിരുന്നു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന സമയത്തുപോലും നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ പങ്കെടുത്തിരുന്നു. പിന്നീട് 2024 ഡിസംബർ 13-ന് അദ്ദേഹം മരണപ്പെട്ടു.

