ലോക ഫുട്ബോളിലെ കളിപ്രേമികളുടെ പ്രിയപ്പെട്ട ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 77-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയാണ് ഈ 40-കാരൻ തന്റെ ഐതിഹാസിക കരിയറിന് അന്ത്യം കുറിച്ചത്. ഇതോടെ മെക്സിക്കോയ്ക്കായി ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും ഒച്ചോവ സ്വന്തമാക്കി. 40 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോഴാണ് ഒച്ചോവ വലകാക്കാനിറങ്ങിയത്. 39 വയസ്സും 139 ദിവസവും പ്രായമുള്ളപ്പോൾ കളിച്ച റാഫ മാർക്വസിന്റെ റെക്കോർഡാണ് ഒച്ചോവ തിരുത്തിയത്.
ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ശേഷം ആറ് ലോകകപ്പുകളിൽ കളിക്കുന്ന ലോകത്തിലെ അപൂർവ്വം താരങ്ങളിലൊരാളെന്ന നേട്ടവും ഇതോടെ ഒച്ചോവയുടെ പേരിലായി. 2006, 2010 ലോകകപ്പുകളിൽ ടീമിന്റെ സബ്സ്റ്റിറ്റിയൂട്ട് കീപ്പറായിരുന്ന ഒച്ചോവ 2014, 2018, 2022 ലോകകപ്പുകളിൽ അവിസ്മരണീയ പ്രകടനങ്ങളിലൂടെ മെക്സിക്കോയുടെ പ്രധാന കാവൽക്കാരനായി മാറിയിരുന്നു.
ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് മെക്സിക്കോ വിജയം ഗംഭീരമാക്കി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് അപരാജിതരായി മുന്നേറുന്നത്. കളിയുടെ 55-ാം മിനിറ്റിൽ മാതിയോ ഷാവേസും 61-ാം മിനിറ്റിൽ ജൂലിയൻ ക്വിനോണസും മെക്സിക്കോയ്ക്കായി വലകുലുക്കി. തുടർന്ന് ഇഞ്ചുറി ടൈമിൽ അൽവാരോ ഫിഡാൽഗോ കൂടി സ്കോർ ചെയ്തതോടെ ആതിഥേയരുടെ വിജയം പൂർത്തിയായി. ഈ മത്സരത്തിലൂടെ 17-കാരനായ ഗിൽബെർട്ടോ മോറ ലോകകപ്പിൽ മെക്സിക്കോയ്ക്കായി സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി.
മൂന്നാം തവണയും ടീമിന്റെ തന്ത്രങ്ങൾ മെനയുന്ന പരിശീലകൻ ഹാവിയർ അഗിരെയുടെ കീഴിൽ തകർപ്പൻ ഫോമിലാണ് മെക്സിക്കോയുള്ളത്. 80,824 കാണികൾ തിങ്ങിനിറഞ്ഞ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്ടെക സ്റ്റേഡിയത്തിലായിരുന്നു മെക്സിക്കൻ പടയുടെ ഈ റെക്കോർഡ് വിജയവും ഇതിഹാസ താരത്തിന്റെ വിടവാങ്ങലും.

