മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. മങ്കട വെള്ളില ഭാഗത്തെ പന്തല്ലൂർ മല വ്യൂ പോയിന്റിൽ ഉണ്ടായ അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് മിന്നലേറ്റു.
റഹീസ് (20), ഫഹദ് (19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. രണ്ട് വിദ്യാർത്ഥികൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യൂ പോയിന്റ് സന്ദർശനത്തിനായി എത്തിയ സംഘത്തിനാണ് അപകടമുണ്ടായത്. ആളുകൾ സ്ഥിരമായി സന്ദർശിക്കുന്ന സ്ഥലത്തായിരുന്നു സംഭവം. ഇടിമിന്നലേറ്റതിനെ തുടർന്ന് നാലുപേർ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇവരെ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
എന്നാൽ ആശുപത്രിയിലെത്തുംമുമ്പ് രണ്ട് പേരുടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. മറ്റ് രണ്ട് പേരും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പ്രദേശത്ത് ദുഃഖം നിറഞ്ഞിരിക്കുകയാണ്.

