Home Localകനത്ത മഴയും കാറ്റും; ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു, സ്കൂൾ മേൽക്കൂര തകർന്നു

കനത്ത മഴയും കാറ്റും; ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു, സ്കൂൾ മേൽക്കൂര തകർന്നു

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചപ്പോൾ നിരവധി മരങ്ങൾ കടപുഴകി വീണു. ചിലയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകളും മേൽക്കൂരകളും തകർന്നു.

കോട്ടയം ഉഴവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഡ്രൈവർക്ക് പരിക്കേറ്റു. പൂവത്തുങ്കൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മലപ്പുറം പാണ്ടിക്കാട്ട് കനത്ത മഴയെ തുടർന്ന് ജിഎംഎൽപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വൈകിട്ട് നാല് മണിയോടെയുണ്ടായ സംഭവത്തിൽ ആളപായമില്ല.

എറണാകുളം ജില്ലയിലെ കോതമംഗലത്തും കുട്ടമ്പുഴ കുറ്റിയംചാൽ മേഖലയിലും കനത്ത കാറ്റും മഴയും നാശം വിതച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു.

മൂവാറ്റുപുഴയിൽ ശക്തമായ കാറ്റിൽ നഗരത്തിലെ കാർ സർവീസ് സെന്ററിന്റെ മേൽക്കൂര തകർന്നു. സർവീസിനായി എത്തിച്ചിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.

പത്തനംതിട്ട നാറാണമൂഴി പഞ്ചായത്തിൽ മരം വീണ് വീട് തകർന്നു. തിരുവനന്തപുരത്തെ നെയ്യാർ ഡാമിന് സമീപം ഇറിഗേഷൻ സെക്യൂരിറ്റി ഓഫീസിനരികിൽ കൂറ്റൻ മരം കടപുഴകി വീണ് മതിലിന്റെ ഭാഗം തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾക്കും കേടുപാടുകൾ ഉണ്ടായി.

ചെല്ലാനത്ത് കാറ്റിലും മഴയിലും വീടുകൾ തകർന്നു. തറയെപ്പറമ്പിൽ ജോൺസന്റെ വീടിനും അർനോസ് ചൗരിയുടെ വീടിന്റെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചു.

തിരുവനന്തപുരം മരക്കുന്നത്ത് ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്നുപോയി. വീട്ടിലുണ്ടായിരുന്ന വസന്തയെയും മകൻ മനോജിനെയും നാട്ടുകാർ സുരക്ഷിതമായി സമീപവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

You may also like