തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. പ്രഖ്യാപനം വൈകി എട്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ കെപിസിസി മുൻ അധ്യക്ഷന്മാരുമായും മുതിർന്ന നേതാക്കളുമായും വർക്കിംഗ് പ്രസിഡന്റുമാരുമായും രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടി.
സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച രാവിലെ ആരംഭിച്ച് ഒന്നര മണിക്കൂറിലധികം നീണ്ടു. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സുധാകരൻ, എം.എം. ഹസൻ, കെ. മുരളീധരൻ, ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ എന്നിവരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ചേരിതിരിവും ശക്തിപ്രകടനങ്ങളും സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും രാഹുൽ ആരാഞ്ഞതെന്നാണ് സൂചന. പ്രതിഷേധങ്ങൾക്ക് പിന്നിൽ ആരായിരുന്നു, നീക്കങ്ങൾ ആസൂത്രിതമായിരുന്നോയെന്ന് ഉൾപ്പെടെ വിവിധ കാര്യങ്ങളിൽ നേതാക്കളിൽ നിന്ന് വിശദീകരണം തേടിയതായാണ് വിവരം.
എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന ആരോപണങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി അന്വേഷിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്നും മത്സരരംഗത്തുള്ള നേതാക്കളിൽ ആരെ പിന്തുണക്കുന്നതാണെന്നും നേതാക്കളോട് ചോദിച്ചതായും വിവരം ലഭിക്കുന്നു.
ചില നേതാക്കൾ എംഎൽഎമാരുടെ പിന്തുണയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനത്തെ പൊതുജന വികാരവും രാഷ്ട്രീയ സാഹചര്യവും പരിഗണിക്കണമെന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്.
ഇതിനിടെ അടിയന്തര സാഹചര്യത്തെ തുടർന്ന് ബെംഗളൂരുവിലെ പരിപാടികൾ റദ്ദാക്കി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ദില്ലിയിലെത്തി. കേരള നേതാക്കളുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ രാഹുൽ ഗാന്ധി ഖർഗെയെ ധരിപ്പിക്കും. തുടർന്ന് സോണിയ ഗാന്ധിയുടെ അഭിപ്രായവും പരിഗണിച്ചായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാമ്പുകളും കനത്ത ആകാംക്ഷയിലാണ്. എംഎൽഎമാരുടെ പിന്തുണയ്ക്കാണോ മുൻഗണന ലഭിക്കുക, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യമാണോ നിർണായകമാകുക, അതോ സമവായ സ്ഥാനാർഥിയിലേക്കോ പാർട്ടി നീങ്ങുക എന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

