ലഖ്‌നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 33 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായാണ് പ്രകൃതിക്ഷോഭം കടുത്ത നാശം വിതച്ചത്. ഭദോഹി, ഫത്തേഹ്പുര്‍, ബുഡോണ്‍, ചന്ദൗലി, സോന്‍ഭദ്ര എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും നാശനഷ്ടം സംഭവിച്ചവർക്കും അടിയന്തരമായി ധനസഹായം നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഭദോഹിയിലാണ്; ഇവിടെ മാത്രം 16 പേർക്ക് ജീവൻ നഷ്ടമായി. ഫത്തേഹ്പുരില്‍ ഒമ്പതും ബുഡോണില്‍ അഞ്ചും ചന്ദൗലിയില്‍ രണ്ടും സോന്‍ഭദ്രയില്‍ ഒരാളും മരിച്ചു. ഭദോഹിയിൽ നിരവധി മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണതായും ഒട്ടേറെ വീടുകൾ തകർന്നതായും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കുൻവാർ വീരേന്ദ്ര കുമാർ മൗര്യ അറിയിച്ചു. പലയിടങ്ങളിലും മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലായത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തകരാറുകൾ പരിഹരിച്ച് വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്.

