Home Businessഇന്ത്യൻ കമ്പനിയാകാൻ സ്വിഗ്ഗിയുടെ നീക്കം; ബോർഡ് ഘടനയിൽ മാറ്റങ്ങൾക്ക് തയ്യാറെടുപ്പ്

ഇന്ത്യൻ കമ്പനിയാകാൻ സ്വിഗ്ഗിയുടെ നീക്കം; ബോർഡ് ഘടനയിൽ മാറ്റങ്ങൾക്ക് തയ്യാറെടുപ്പ്

by news_desk1
0 comments

ബെംഗളൂരു: ഓൺലൈൻ ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖ സ്ഥാപനമായ സ്വിഗ്ഗി, ഇന്ത്യൻ ഉടമസ്ഥതയും നിയന്ത്രണവും ഉള്ള കമ്പനിയെന്ന (ഐഒസിസി) പദവി നേടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി കമ്പനിയുടെ ബോർഡ് ഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സ്വിഗ്ഗി നീക്കം തുടങ്ങിയതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി.

വിദേശനാണയ നിയന്ത്രണ നിയമമായ ഫെമ പ്രകാരം, ഒരു സ്ഥാപനത്തിന് ഐഒസിസി പദവി ലഭിക്കണമെങ്കിൽ കമ്പനിയുടെ ഉടമസ്ഥതയും നിയന്ത്രണവും ഇന്ത്യൻ പൗരന്മാരുടെയോ ഇന്ത്യൻ സ്ഥാപനങ്ങളുടെയോ കൈകളിലായിരിക്കണം. ബോർഡിന്റെ ഘടനയും ഇന്ത്യൻ നിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്.

നിക്ഷേപകർ ഉയർത്തിയ സംശയങ്ങൾക്ക് മറുപടിയായാണ് സ്വിഗ്ഗി വിശദീകരണം നൽകിയത്. കമ്പനിയിലെ നാമനിർദേശ സംവിധാനത്തിൽ മാറ്റം വരുത്തുന്നതും ഈ നടപടികളുടെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.

സ്വിഗ്ഗിയുടെ ദ്രുതവിതരണ സേവനമായ ഇൻസ്റ്റമാർട്ടിനെയും ഉൾപ്പെടുത്തി ഇന്ത്യൻ ഉടമസ്ഥതാ പദവി ഉറപ്പാക്കാനാണ് കമ്പനിയുടെ ശ്രമം. നിലവിൽ സ്വിഗ്ഗിയിൽ വലിയ ഓഹരി പങ്കാളിത്തമുള്ള ഇന്ത്യൻ പ്രമോട്ടർ ഗ്രൂപ്പ് ഇല്ല. കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയിലെ ഏകദേശം 60 ശതമാനം ഓഹരികളും വിദേശ നിക്ഷേപകരുടെ കൈകളിലായിരുന്നു.

You may also like