പഞ്ചസാര ഇന്ന് പലരുടെയും ദൈനംദിന ഭക്ഷണശീലത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പായ്ക്ക് ചെയ്ത ജ്യൂസുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ബിസ്‌കറ്റുകൾ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, ‘ഹെൽത്തി’ സ്നാക്കുകൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥിയുടെ അഭിപ്രായത്തിൽ, അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുന്നതിന് പുറമെ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകർക്കാനും ഇടയാക്കും. ദഹനത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകരമായ നല്ല ബാക്ടീരിയകളുടെ വളർച്ചയെ ഇത് ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മനുഷ്യരുടെ കുടലിൽ കോടിക്കണക്കിന് സൂക്ഷ്മജീവികളാണ് ഉള്ളത്. ഇവയെ കൂട്ടമായി ‘ഗട്ട് മൈക്രോബയോം’ എന്നാണ് വിളിക്കുന്നത്. ഭക്ഷണശീലങ്ങൾ ഇവയുടെ പ്രവർത്തനത്തെ നേരിട്ട് സ്വാധീനിക്കുന്നു. അമിത പഞ്ചസാര കുടലിലെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച വർധിപ്പിക്കുകയും വയറുവീക്കം, ഗ്യാസ്, ദഹന അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യാം.
കൂടാതെ അധിക പഞ്ചസാര കുടൽപാളിയിൽ വീക്കം ഉണ്ടാക്കാനും ഇടയാക്കുന്നു. ഇതോടെ ദഹനവ്യവസ്ഥയുടെ പ്രവർത്തനം തകരാറിലാകുകയും ചിലരിൽ മധുര ഭക്ഷണങ്ങളോടുള്ള അമിത ആസക്തി വർധിക്കുകയും ചെയ്യാം.
വിദഗ്ധർ പറയുന്നതനുസരിച്ച്, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾക്ക് പകരം നാരുകൾ ധാരാളമായി അടങ്ങിയ മുഴുവൻ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. പഴങ്ങളിൽ സ്വാഭാവിക പഞ്ചസാര ഉണ്ടായിരുന്നാലും നാരുകൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒഴിവാക്കാം.
ദീർഘകാലമായി അമിത പഞ്ചസാര ഉപയോഗിക്കുന്നത് ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർദ്ദം, ട്രൈഗ്ലിസറൈഡ് വർധന, ഹൃദ്രോഗസാധ്യത, ഫാറ്റി ലിവർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നതിലും മോണരോഗങ്ങൾക്ക് കാരണമാകുന്നതിലും പഞ്ചസാര പ്രധാന പങ്ക് വഹിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

