അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശപര്യടനം ഇന്ന് ആരംഭിക്കും. ആദ്യഘട്ടമായി യുഎഇയിലെത്തുന്ന മോദി അബുദാബിയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യ-യുഎഇ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയില്‍ നിലനില്‍ക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. യുഎസ്-ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലെ നിലവിലെ അവസ്ഥ, സമുദ്ര സുരക്ഷ, ഹോര്‍മുസ് കടലിടുക്കിലെ വ്യാപാര പാതകളുടെ സുരക്ഷ, ഊര്‍ജ്ജ വിപണിയിലെ മാറ്റങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയങ്ങളാകും.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പുരോഗതിയും ചര്‍ച്ചയാകും. 2023-24 കാലയളവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 84 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
യുഎഇയിലെ 47 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ചര്‍ച്ചയില്‍ ഇടംപിടിക്കും. ഇരു നേതാക്കളും തമ്മിലുള്ള അടുത്ത വ്യക്തിബന്ധവും നയതന്ത്ര സഹകരണവും ഈ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതായി യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍ വ്യക്തമാക്കി.
യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. മെയ് 20നാണ് മോദി ഇന്ത്യയിലേക്ക് മടങ്ങുക.

