ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ച തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ സെക്രട്ടറി Samant Goel. സുരക്ഷ കുറയ്ക്കുന്നതിനു പകരം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ സുരക്ഷാ ഭീഷണികള്‍ കൂടുതല്‍ ഗുരുതരമാണെന്ന് സാമന്ത് ഗോയല്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരിട്ട ആക്രമണങ്ങള്‍ ഉദാഹരിച്ച്, ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളിലൊന്നായ അമേരിക്കയില്‍ പോലും സുരക്ഷാ വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന വിവിധ അന്തര്‍ദേശീയ ശക്തികളും ഭീകര സംഘടനകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡ്രോണ്‍, സ്നൈപ്പര്‍ തോക്ക് തുടങ്ങിയ ആധുനിക ഭീഷണികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുരക്ഷ എന്നത് പദവി പ്രദര്‍ശനത്തിനുള്ളതല്ല, ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിക്കേണ്ടതെന്നും സാമന്ത് ഗോയല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ചുരുങ്ങിയാല്‍ ശത്രുക്കള്‍ക്ക് ആക്രമണം എളുപ്പമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും വാഹനവ്യൂഹത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് എസ്പിജി സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചിരുന്നു.

