പാചകവാതക വിലവർധനവിന്റെ ആഘാതത്തിൽ നിന്ന് ജനങ്ങൾ കരകയറും മുമ്പാണ് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടിയിരിക്കുന്നത്. ലിറ്ററിന് മൂന്ന് രൂപ വീതം വർധിപ്പിച്ച തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ സാധാരണക്കാരന്റെ ജീവിതച്ചെലവിന് വീണ്ടും തീപിടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലവർധനയും പശ്ചിമേഷ്യൻ യുദ്ധസാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ഈ തീരുമാനം ന്യായീകരിക്കുന്നത്. എന്നാൽ വിലക്കയറ്റത്തിന്റെ മുഴുവൻ ഭാരം വീണ്ടും സാധാരണ ജനങ്ങളുടെ തോളിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.
ഇന്ധനവില ഉയരുന്നത് വാഹനയാത്രയുടെ ചെലവ് മാത്രമല്ല വർധിപ്പിക്കുന്നത്. ചരക്കുനീക്കം മുതൽ ഭക്ഷ്യവസ്തുക്കൾ വരെയുള്ള എല്ലാ മേഖലകളിലേക്കും അതിന്റെ ആഘാതം പടരുകയാണ്. പാചകവാതക വില കൂടിയതോടെ ഹോട്ടൽ ഭക്ഷണങ്ങളുടെ നിരക്ക് ഉയർന്നു. ഇപ്പോൾ ഇന്ധനവില കൂടി വർധിച്ചതോടെ വിപണിയിലെ വിലക്കയറ്റം കൂടുതൽ രൂക്ഷമാകാൻ പോകുന്നു. കർഷകനും തൊഴിലാളിയും ചെറുകിട വ്യാപാരിയും ദിവസ വേതനക്കാരനും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളാണ് അതിന്റെ യഥാർത്ഥ ഇരകൾ. പൊതുമേഖല എണ്ണക്കമ്പനികളുടെ നഷ്ടം ചൂണ്ടിക്കാട്ടി വിലവർധനവ് അനിവാര്യമാണെന്ന് അധികൃതർ പറയുന്നു. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില താഴുമ്പോൾ അതിന്റെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാൻ എണ്ണക്കമ്പനികളും സർക്കാരും തയ്യാറാകാറില്ല എന്നതാണ് യാഥാർത്ഥ്യം.
വില ഉയരുമ്പോൾ മാത്രം വിപണി സ്വാതന്ത്ര്യത്തിന്റെ പേരിൽ ജനങ്ങളോട് ബലി ചോദിക്കുന്നത് നീതിയല്ല. അതിലുപരി, സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടത്. ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിനും ഇത് വിരുദ്ധമാണ്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ സംയുക്ത ചർച്ചകളും ബദൽ മാർഗങ്ങളും അന്വേഷിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. ഇന്ധനക്ഷാമം മറികടക്കാൻ വാഹന ഉപയോഗം കുറയ്ക്കണം, വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം എന്ന നിർദേശങ്ങൾ മാത്രം മതിയാകില്ല. പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കൽ, നികുതി പുനഃപരിശോധന,
സംസ്ഥാനങ്ങൾക്ക് സാമ്പത്തിക പിന്തുണ, അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പ്രവർത്തനപദ്ധതി സർക്കാരിനുണ്ടാകണം. യുദ്ധവും ആഗോള പ്രതിസന്ധികളും പുതിയതല്ല. എന്നാൽ എല്ലാ പ്രതിസന്ധികളുടെയും പരിഹാരം വിലവർധനവായി മാത്രം കാണുന്നത് ഭരണപരമായ പരാജയത്തിന്റെ തെളിവാണ്. ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി എണ്ണക്കമ്പനികളുടെ കണക്കുകൾ മാത്രം സംരക്ഷിക്കുന്ന സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ല. സാധാരണ ജനങ്ങളുടെ വേദന മനസിലാക്കി ഇന്ധനവില വർധനവ് പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

