ചെന്നൈ: തമിഴ്‌നാട്ടിൽ ലഹരി ഉപയോഗവും അനധികൃത വിൽപ്പനയും തടയാൻ കർശന നടപടികളുമായി ടിവികെ സർക്കാർ. മുഖ്യമന്ത്രി വിജയ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.
സ്കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസരങ്ങളിൽ സ്ഥിരമായി പരിശോധന നടത്താനാണ് നിർദേശം. ലഹരി വിൽപ്പനയും വ്യാജമദ്യ നിർമാണവും നടക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്താൻ പ്രത്യേക നിരീക്ഷണവും ശക്തമാക്കും.
പ്രാദേശിക തലത്തിൽ രഹസ്യമായി വിവരങ്ങൾ കൈമാറാൻ ആളുകളെ കണ്ടെത്തി നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലഹരി ശൃംഖലകളെ കുറിച്ചുള്ള വിവരശേഖരണം ശക്തിപ്പെടുത്താനാണ് ഈ നീക്കം.
ലഹരിമരുന്ന് വിൽപ്പന, വ്യാജമദ്യ നിർമ്മാണം, കടത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ തടയുന്നതിനായി സ്ഥിരം റെയ്ഡുകൾ നടത്തണമെന്നടക്കം 14 നിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് യുവാക്കളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

