ധരംശാല: ഐപിഎല്ലിൽ പ്ലേ ഓഫ് ലക്ഷ്യമിട്ട് പഞ്ചാബ് കിംഗ്സിനെതിരെ ഇറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ നായകൻ. സ്ഥിരം നായകൻ രജത് പാട്ടീദാറിന് വിശ്രമം അനുവദിച്ചതിനെ തുടർന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് ടീമിനെ നയിച്ച് ടോസിനെത്തിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഹെൽമറ്റിൽ പന്തേറ്റതിനെ തുടർന്നാണ് പാട്ടീദാറിന് വിശ്രമം നൽകിയത്. മെയ് 13ന് റായ്പൂരിൽ നടന്ന മത്സരത്തിൽ കാർത്തിക് ത്യാഗിയുടെ അതിവേഗ ബൗൺസർ പുൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് പാട്ടീദാറിന്റെ ഹെൽമറ്റിന്റെ പിൻഭാഗത്ത് ശക്തമായി പതിച്ചത്.
പരിക്കേറ്റിട്ടും കളി തുടർന്ന പാട്ടീദാർ പിന്നീട് സുനിൽ നരെയ്നെതിരെ സിക്സർ നേടിയ ശേഷമാണ് പുറത്തായത്. മത്സരശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് താരം വ്യക്തമാക്കിയിരുന്നെങ്കിലും മുൻകരുതൽ നടപടിയായി മെഡിക്കൽ സംഘം വിശ്രമം നിർദേശിക്കുകയായിരുന്നു.
പാട്ടീദാർ സുഖം പ്രാപിച്ചുവരികയാണെന്നും ഹൈദരാബാദിനെതിരായ അടുത്ത മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
ഇന്നത്തെ മത്സരത്തിൽ രജത് പാട്ടീദാറിന് പകരം സുയാഷ് ശർമയും ജേക്കബ് ഡഫിക്ക് പകരം റൊമാരിയോ ഷെപ്പേർഡും ടീമിലെത്തിയതായി ടോസിന് ശേഷം ജിതേഷ് ശർമ വ്യക്തമാക്കി.

