തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് മതിയായ പരിഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക കെ. അജിത ആവശ്യപ്പെട്ടു. കുറഞ്ഞത് രണ്ട് വനിത എംഎൽഎമാർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നും വനിതകളെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മാത്രം ഒതുക്കരുതെന്നും അവർ പറഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തിൽ കോൺഗ്രസ് പുനഃപരിശോധന നടത്തണമെന്നും തുടക്കത്തിൽ തന്നെ അസന്തോഷങ്ങൾക്ക് ഇടവരരുതെന്നും അജിത അഭിപ്രായപ്പെട്ടു. വനിതാ-ശിശുക്ഷേമ വകുപ്പ് വനിത എംഎൽഎയെ ഏൽപ്പിക്കണമെന്നും അത് ഘടകകക്ഷികൾക്ക് നൽകാതിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധ്യമുള്ളത് കോൺഗ്രസിനാണെന്നും അജിത കൂട്ടിച്ചേർത്തു.
അതേസമയം, വി.ഡി. സതീശൻ മന്ത്രിസഭയിൽ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് സൂചന. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിപട്ടികയിലുള്ളത്. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകിട്ടോടെ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
അവസാന നിമിഷം കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള പട്ടികയിൽ നിന്ന് ഒഴിവാകുകയും പകരം പി.കെ. ബഷീർ ഇടംപിടിക്കുകയുമായിരുന്നു. കാസർകോട് ജില്ലയിൽ നിന്നുള്ള പ്രതിനിധിയായി എ.കെ.എം. അഷ്റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

