Home Kerala‘തോൽവി നാണംകെട്ടത്’; യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും

‘തോൽവി നാണംകെട്ടത്’; യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി എം നേരിട്ടത് നാണംകെട്ടതും ലജ്ജാകരവുമായ തോൽവിയെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. ഒട്ടും പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്നും വലിയ തിരിച്ചടിയാണ് പാർട്ടിക്ക് നേരിട്ടതെന്നും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയും പ്രതികരിച്ചു. അതേസമയം, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ആദ്യ രണ്ട് ജനക്ഷേമ പദ്ധതികളെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത് ഒറ്റക്കെട്ടായാണെന്നും അതുകൊണ്ടുതന്നെ തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു. പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ പാർട്ടി വിശദമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ യുഡിഎഫ് സർക്കാർ ഉടനടി നടപ്പിലാക്കാൻ തുടങ്ങിയത് സ്വാഗതാർഹമാണ്. ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചതും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചതും നല്ല തീരുമാനങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ പാർട്ടിയിൽ ആവശ്യമായ മാറ്റങ്ങളോ തിരുത്തലുകളോ വേണമെങ്കിൽ അത് വരുത്തുമെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെയാണ് ഏറ്റവും അനുയോജ്യൻ. അദ്ദേഹം പാർട്ടിയുടെ ഏറ്റവും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി തന്നെ ഒതുക്കാൻ ശ്രമിച്ചു എന്ന രീതിയിൽ വരുന്നത് വെറും വ്യാജ പ്രചാരണങ്ങൾ മാത്രമാണെന്നും കെ.കെ. ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു.

You may also like