Home Keralaസ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര: വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ; സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ആക്ഷേപം

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര: വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ; സർക്കാർ കൂടിയാലോചന നടത്തിയില്ലെന്ന് ആക്ഷേപം

by news_desk
0 comments

പാലക്കാട്: വരുന്ന ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. ഇത്തരമൊരു വലിയ പ്രഖ്യാപനം നടത്തുന്നതിന് മുൻപ് ബസ് വ്യവസായ മേഖലയുമായി സർക്കാർ യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് ഉടമകൾ ആക്ഷേപിച്ചു. ഈ തീരുമാനത്തിൽ സ്വകാര്യ ബസ് ഉടമകൾക്കുള്ള ആശങ്ക സർക്കാരിനെ നേരിട്ടറിയിക്കുമെന്നും അവർ വ്യക്തമാക്കി.

വനിതകൾക്ക് കെഎസ്ആർടിസിയിൽ മാത്രം സൗജന്യ യാത്ര നടപ്പാക്കുന്നത് നിലവിൽ വലിയ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയെ പൂർണ്ണമായി തകർക്കുമെന്നാണ് ഇവരുടെ വാദം. ഇതേത്തുടർന്ന് ഉണ്ടാകുന്ന കനത്ത യാത്രാനഷ്ടം മറികടക്കാൻ സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി ബാധകമാകുന്ന രീതിയിലുള്ള പ്രത്യേക പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ഗതാഗത മന്ത്രി എന്നിവരുമായി ഉടനടി ചർച്ച നടത്താനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. അധികാരമേറ്റ പുതിയ സർക്കാരിൽ നിന്നും തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കുന്ന അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബസ് ഉടമകൾ പാലക്കാട്ട് മാധ്യമങ്ങളോട് വ്യക്തമാക്കി.

You may also like