Home Sportsചെപ്പോക്കിൽ ‘തല’യിറങ്ങുമോ? സീസണിലെ അവസാന ഹോം മത്സരത്തിൽ ധോണിയുടെ സാന്നിധ്യത്തിനായി ഗ്യാലറികൾ കാത്തിരിക്കുന്നു

ചെപ്പോക്കിൽ ‘തല’യിറങ്ങുമോ? സീസണിലെ അവസാന ഹോം മത്സരത്തിൽ ധോണിയുടെ സാന്നിധ്യത്തിനായി ഗ്യാലറികൾ കാത്തിരിക്കുന്നു

by news_desk
0 comments

ചെന്നൈ: “ഞാൻ എന്റെ ക്രിക്കറ്റ് കരിയർ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. അവസാനമായി ഞാൻ ഏകദിനം കളിച്ചത് റാഞ്ചിയിലാണ്. ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20. അത് എന്നായിരിക്കുമെന്ന് എനിക്കും അറിയില്ല” – വിഖ്യാത താരം എം.എസ്. ധോണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. മുന്നറിയിപ്പുകളൊന്നുമില്ലാതെ പടിയിറങ്ങുന്ന ധോണി തന്റെ കളിജീവിതത്തിന്റെ അസ്തമയത്തോട് അടുക്കുകയാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴും, ആ ബാറ്റിൽ നിന്നൊരു ഹെലിക്കോപ്റ്റർ ഷോട്ട് കൂടി പിറക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎൽ 2026 സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന ഹോം മത്സരത്തിന് ചെപ്പോക്ക് സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ആരാധകരുടെ ഒരേയൊരു ചോദ്യം ‘തല’ ഇത്തവണ കളത്തിലിറങ്ങുമോ എന്നാണ്.

സീസണിൽ ഇതുവരെ ഒരു മത്സരത്തിൽപ്പോലും ധോണി ചെന്നൈക്കായി പാഡ് അണിഞ്ഞിട്ടില്ല. കാൽമുട്ടിന് താഴെയുള്ള പേശിക്കേറ്റ പരിക്കാണ് 44-കാരനായ ധോണിയെ കളത്തിൽ നിന്ന് മാറ്റിനിർത്തിയത്. പരിക്ക് ഗുരുതരമായതോടെ എവേ മത്സരങ്ങളിൽ ടീമിനൊപ്പം യാത്ര ചെയ്യാൻ പോലും ധോണി തയ്യാറായിരുന്നില്ല. എന്നാൽ, നിലവിൽ ധോണി കായികക്ഷമത പൂർണ്ണമായും വീണ്ടെടുത്തിട്ടും ടീമിലേക്ക് മടങ്ങിയെത്താത്തതിന് പിന്നിൽ മറ്റൊരു തന്ത്രപരമായ കാരണം കൂടിയുണ്ടെന്നാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. സീസണിന്റെ രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ചെന്നൈ അവസാന ഒൻപത് മത്സരങ്ങളിൽ ആറും ജയിച്ച് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിട്ടുണ്ട്. 2024-ൽ അഞ്ചാം സ്ഥാനത്തും 2025-ൽ പത്താം സ്ഥാനത്തുമായിപ്പോയ ചെന്നൈക്ക് ഈ സീസണിൽ പ്ലേ ഓഫിലെത്തുക എന്നത് ഏറെ നിർണ്ണായകമാണ്.

നിരവധി താരങ്ങളുടെ പരിക്കിനിടയിലും നിലവിൽ ചെന്നൈ മികച്ചൊരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്തിയിട്ടുണ്ട്. എല്ലാ ബാറ്റിങ് പൊസിഷനുകളിലുള്ളവരും തങ്ങളുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ധോണി മടങ്ങിയെത്തിയാൽ ടീമിന്റെ നിലവിലെ ബാലൻസിനെയും ബാറ്റിങ് ഘടനയെയും അത് ബാധിച്ചേക്കാം എന്നതിനാൽ ധോണി സ്വയം മാറിനിൽക്കുകയാണെന്നാണ് വിവരം. ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരം ചെന്നൈക്ക് ജീവന്മരണ പോരാട്ടമാണ്. ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താനാകൂ എന്നതിനാൽ ടീം പൊളിച്ചെഴുതിയുള്ള പരീക്ഷണങ്ങൾക്ക് മാനേജ്മെന്റ് മുതിരാൻ സാധ്യതയില്ല. എങ്കിലും, ഇംപാക്റ്റ് പ്ലെയറായെങ്കിലും ധോണി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. റുതുരാജ് ഗെയ്‌ക്‌വാദിന് നായകസ്ഥാനം പൂർണ്ണമായി കൈമാറിയതും സഞ്ജു സാംസണിന്റെ ടീമിലേക്കുള്ള എൻട്രിയുമെല്ലാം ധോണിയുടെ യുഗം അവസാനിക്കുന്നതിന്റെ സൂചനകളാണ് നൽകുന്നത്.

You may also like