ന്യൂയോർക്ക്: ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണം താൽക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം എടുത്തതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
ഇറാനുമായി ഗൗരവമായ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ചൊവ്വാഴ്ച നടത്താനിരുന്ന ആക്രമണം രണ്ടോ മൂന്നോ ദിവസത്തേക്ക് നീട്ടിവെയ്ക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്ന തരത്തിലുള്ള കരാറിലെത്താനായാൽ അമേരിക്കയ്ക്ക് അതിൽ തൃപ്തിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശത്തിന് ഇറാൻ മറുപടി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. പാകിസ്ഥാൻ വഴിയായി അമേരിക്കയ്ക്ക് ഇറാൻ 14 നിർദ്ദേശങ്ങൾ അടങ്ങിയ പുതിയ സമാധാനരേഖ കൈമാറിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ, ഒരു ശക്തിക്കും മുന്നിൽ രാജ്യം വഴങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പ്രതികരിച്ചു. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിലും നയതന്ത്ര ചർച്ചകൾ പാകിസ്ഥാൻ മുഖേന തുടരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
സമാധാന ശ്രമങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ സംഘർഷം നിയന്ത്രിക്കാൻ ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സജീവ ഇടപെടലിലാണ്.
അതേസമയം, ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കാൻ ഇറാൻ ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ എന്ന പുതിയ സംവിധാനം രൂപീകരിച്ചു. ഇനി മുതൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതത്തിന് പ്രത്യേക അനുമതി നിർബന്ധമാക്കിയിട്ടുണ്ട്. അനുമതിയില്ലാത്ത നീക്കങ്ങൾ നിയമവിരുദ്ധമായി കണക്കാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്ന നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് കുറഞ്ഞത് 85 കപ്പലുകളെങ്കിലും വഴിതിരിച്ചുവിട്ടതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതിനിടെ ഗാസയിലേക്ക് സഹായവുമായി പോയ കപ്പലിലുണ്ടായിരുന്ന നൂറുകണക്കിന് പേരെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.

