കോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും രംഗത്ത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്ത് ലീഗ് ഫിഷറീസ് വകുപ്പ് ഏറ്റെടുത്തേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിലാണ് 79 പ്രമുഖർ ഒപ്പിട്ട സംയുക്ത പ്രസ്താവനയുമായി ഇവർ പാർട്ടി നേതൃത്വത്തെ സമീപിച്ചത്. സംസ്ഥാന മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് വിഭജിക്കുകയാണെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിർബന്ധമായും മുസ്ലിം ലീഗ് തന്നെ ഏറ്റെടുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീഗ് ഈ വകുപ്പ് കൈകാര്യം ചെയ്തേ മതിയാകൂ എന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് മലബാർ നേരിടുന്ന പിന്നാക്കാവസ്ഥ കൃത്യമായ കണക്കുകൾ നിരത്തിയാണ് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്താകെയുള്ള ബിരുദാനന്തര ബിരുദ (PG) സീറ്റുകളിൽ 23.9 ശതമാനവും ബിരുദ (UG) സീറ്റുകളിൽ 28.1 ശതമാനവും മാത്രമാണ് മലബാർ മേഖലയിലുള്ളത്. മുൻപ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ ഇല്ലാത്ത എല്ലാ മണ്ഡലങ്ങളിലും പുതിയ കോളേജുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടും സീറ്റുകളുടെ എണ്ണത്തിലെ ഈ കുറവ് പരിഹരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് മലബാറിനോടുള്ള ഈ വിവേചനം ഏറ്റവും രൂക്ഷമായതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. തെക്കൻ കേരളത്തിലെ മിക്ക കോളേജുകൾക്കും തൊഴിൽ സാധ്യതയുള്ള രണ്ട് പുതിയ തലമുറ (New-gen) കോഴ്സുകൾ വീതം നൽകിയപ്പോൾ, മലബാറിന് അനുവദിക്കപ്പെട്ടത് കാലഹരണപ്പെട്ട കോഴ്സുകൾ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്രവൽക്കരണം പ്രായോഗികമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദേശ സർവ്വകലാശാലകളുമായുള്ള അക്കാദമിക സഹകരണം ഉറപ്പാക്കാനും വിദേശ വിദ്യാർത്ഥികളെ ആകർഷിച്ച് മലബാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ്ബുകളാക്കി മാറ്റാനും ദീർഘവീഷണമുള്ള ലീഗ് നേതൃത്വത്തിന് മാത്രമേ സാധിക്കൂ. സ്വകാര്യ സർവ്വകലാശാലകൾ (Private Universities) ആരംഭിക്കുന്നതിനുള്ള നയരൂപീകരണവും തീരുമാനങ്ങളും നടപ്പിലാക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് തന്നെ ഭരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലീഗ് അല്ലാതെ മറ്റാരെങ്കിലും ഈ വകുപ്പ് കൈകാര്യം ചെയ്താൽ കേരളത്തിലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം അട്ടിമറിക്കപ്പെടുമെന്നും, അറിവ് നിർമ്മിക്കേണ്ട വിദഗ്ധരെ താക്കോൽ സ്ഥാനങ്ങളിൽ നിന്ന് അകറ്റാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുമെന്നും അധ്യാപകരും ഗവേഷകരും ആശങ്ക പ്രകടിപ്പിച്ചു.

