Home Keralaഅഞ്ച് വർഷത്തിൽ 16,600 കോടിയുടെ തിരിച്ചടവ്; കിഫ്ബി പദ്ധതികളുടെ ഭാവിയിൽ അനിശ്ചിതത്വം

അഞ്ച് വർഷത്തിൽ 16,600 കോടിയുടെ തിരിച്ചടവ്; കിഫ്ബി പദ്ധതികളുടെ ഭാവിയിൽ അനിശ്ചിതത്വം

by news_desk1
0 comments

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ കാലത്ത് കിഫ്ബിയുടെ ഭാവി എന്താകുമെന്ന ചോദ്യമാണ് രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ ചർച്ചയാകുന്നത്. ഭരണാനുമതി ലഭിച്ച ഏകദേശം ഒരു ലക്ഷം കോടിയോളം രൂപയുടെ വികസന പദ്ധതികളിൽ പലതും ഇപ്പോഴും പാതിവഴിയിലായിരിക്കെ, അടുത്ത അഞ്ച് വർഷത്തിനിടെ 16,600 കോടി രൂപയുടെ വായ്പ തിരിച്ചടവ് വലിയ വെല്ലുവിളിയായി ഉയരുകയാണ്.

പ്രതിപക്ഷത്തിലിരിക്കുമ്പോൾ കിഫ്ബിക്കെതിരെ ശക്തമായ വിമർശനം ഉയർത്തിയിരുന്ന യു‍ഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ, പദ്ധതികളോടും സാമ്പത്തിക നയങ്ങളോടും ഇനി എന്ത് സമീപനമാണ് സ്വീകരിക്കുകയെന്നതാണ് നിർണായകമായി മാറുന്നത്. കിഫ്ബി നിയമനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും അന്വേഷണം ഉണ്ടാകുമോയെന്ന ചർച്ചയും ശക്തമാണ്.

ബജറ്റിന് പുറത്തുള്ള വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകിയ സംവിധാനമായ കിഫ്ബി, റോഡുകൾ, പാലങ്ങൾ, ദേശീയപാത വികസനം, തുരങ്കപാതകൾ തുടങ്ങി നിരവധി വൻപദ്ധതികളുടെ പ്രധാന നടത്തിപ്പുകാരനായി മാറിയിരുന്നു. എന്നാൽ സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന സാമ്പത്തിക സംവിധാനമാണിതെന്ന വിമർശനമാണ് യു‍ഡിഎഫ് നിരന്തരം ഉന്നയിച്ചിരുന്നത്.

2026 മുതൽ 2031 വരെ കിഫ്ബി എടുത്ത വായ്പകളുടെ തിരിച്ചടവിനായി ഏകദേശം 16,600 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്നാണ് കണക്ക്. വർഷം ശരാശരി 3,300 കോടി രൂപയുടെ ബാധ്യത സർക്കാരിന് വരും. മോട്ടോർ വാഹന നികുതിയും ഇന്ധന സെസുമായിരുന്നു പ്രധാന വരുമാന മാർഗങ്ങൾ. എന്നാൽ ഈ വരുമാനങ്ങളിലും ഇടിവുണ്ടായതോടെ തിരിച്ചടവ് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം വരെ 1,156 പദ്ധതികൾക്കായി 88,070 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 21,881 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയായപ്പോൾ, 367 പദ്ധതികൾ 24,014 കോടി രൂപ ചെലവിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി തുടരുകയാണ്.

തുരങ്കപാതകൾ ഉൾപ്പെടെയുള്ള വൻകിട പദ്ധതികളുടെ തുടർച്ച ഭരണമാറ്റം ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് മുൻ ഭരണകക്ഷി. അതേസമയം കിഫ്ബിയിലെ നിയമനങ്ങളും ഭരണപരമായ തീരുമാനങ്ങളും നേരത്തേ തന്നെ വിവാദമായിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാം ദീർഘകാലം കിഫ്ബി സിഇഒയായി തുടരുകയും വിവിധ നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന ആരോപണവും ഉയരുകയും ചെയ്തിരുന്നു.

കിഫ്ബി ഫണ്ടുകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്ന വിമർശനവും രാഷ്ട്രീയമായി ചർച്ചയായിരുന്നു. വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമോ, സാമ്പത്തിക ബാധ്യതകൾ പുനഃപരിശോധിക്കുമോ, അതോ കിഫ്ബിയിൽ വൻ പൊളിച്ചെഴുത്തുണ്ടാകുമോയെന്നതെല്ലാം ഇനി പുതിയ സർക്കാരിന്റെ തീരുമാനങ്ങളിലൂടെയാകും വ്യക്തമാകുക.

You may also like